ന്യൂഡൽഹി: ഇന്ത്യൻ വെറ്ററൻ പേസർ ആശിഷ് നെഹ്റ വിരമിക്കാൻ തയാറെടുക്കുന്നു. നവംബർ ഒന്നിന് ന്യൂസിലൻഡിനെതിരെ ഹോം ഗ്രൗണ്ടായ ഫിറോഷകോട്ലയിൽ നടക്കുന്ന ട്വന്റി-20യോടെ മത്സരക്രിക്കറ്റിൽനിന്നും വിരമിക്കാനാണ് നെഹ്റ തയാറെടുക്കുന്നത്. മുപ്പത്തിയെട്ടുകാരനായ നെഹ്റ തന്റെ വിരമിക്കൽ തീരുമാനം പരിശീലകൻ രവിശാസ്ത്രിയോടും നായകൻ വിരാട് കോഹ്ലിയോടും സംസാരിച്ചതായാണ് അറിയുന്നത്. അടുത്ത പ്രീമിയർ ലീഗ് സീസണിലും കളിക്കാരനായി നെഹ്റ കളത്തിലുണ്ടാവില്ലെന്നാണ് വിവരം.
1999 ൽ മുഹമ്മദ് അസ്ഹറുദിന്റെ നായകത്വത്തിൻ കീഴിലാണ് നെഹ്റ ആദ്യമായി ഇന്ത്യൻ കുപ്പായം അണിയുന്നത്. 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 26 ട്വന്റി-20 കളിലും നെഹ്റ ഇന്ത്യക്കായി പന്തെറിഞ്ഞു. 44 ടെസ്റ്റ് വിക്കറ്റുകളും 157 ഏകദിന വിക്കറ്റുകളും 34 ട്വന്റി-20 വിക്കറ്റുകളും നെഹ്റ സ്വന്തമാക്കിയിട്ടുണ്ട്.