ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകർക്ക് കേന്ദ്രത്തിന്റെ ഗംഭീര ദീപാവലി സമ്മാനം. ഏഴാം ശമ്പള കമ്മീഷൻ ശിപാർശ ചെയ്ത ശമ്പളവർധനയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
ഇതോടെ അധ്യാപകരുടെ ശമ്പളത്തിൽ 22 മുതൽ 28 ശതമാനം വരെ വർധനയുണ്ടാകും. 10,000 മുതൽ 50,000 രൂപവരെ വർധനയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഫണ്ട് ലഭിക്കുന്ന എല്ലാ കല്പിത സര്‍വകലാശാലകൾക്കും 43 കേന്ദ്ര സർവകലാശാലകൾക്കും ഏഴാം ശമ്പള കമ്മീഷന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
ശമ്പള കമ്മീഷൻ നൽകിയ ശിപാർശ 34 ഭേദഗതികളോടെയാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ലഭിക്കുന്നത്. 329 സംസ്ഥാന സർവകലാശാലകളും 12,912 കോളജുകളുമുൾപ്പെടെ 7.51 ലക്ഷം അധ്യാപകരാണ് ഏഴാം ശമ്പള കമ്മീഷന്റെ ഗുണഭോക്താക്കൾ. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുമെങ്കിലും സംസ്ഥാന സർക്കാർ ജീവനക്കാർ കുറച്ചു കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.