കോന്നി: കോന്നിയിൽ അടൂർ പ്രകാശ് എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിലെത്തി. മാർച്ച് തടഞ്ഞുവെങ്കിലും പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ എംഎൽഎ ഓഫീസിനു മുന്പിലെത്തി. അപ്പോഴേക്കും പോലീസ് വലയം തീർത്ത് പ്രവർത്തകരെ തടയുകയായിരുന്നു.
പോലീസിനെ തള്ളിമാറ്റാനുള്ള ശ്രമത്തിനിടെ എസ്ഐ ഉൾപ്പെടെയുള്ളവർ താഴെ വീണു. സോളാർ കമ്മീഷൻ റിപ്പോർട്ടിനേ തുടർന്ന് പ്രതിപ്പട്ടികയിലായി അടൂർ പ്രകാശ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ മാർച്ച്.
വ്യാജപട്ടയ വിതരണം നടത്തിയ അടൂർ പ്രകാശ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി പിഎം കോന്നി മണ്ഡലം ഇന്നലെ ആരംഭിച്ച ജാഥ വൈകുന്നേരത്തോടെ സോളാർ വിഷയത്തിലേക്കും ഊന്നൽ നൽകി. ജാഥയുടെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നിർവഹിച്ചു. പി.ജെ. അജയകുമാറാണ് ക്യാപ്റ്റൻ.