ന്യൂഡൽഹി: കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതായി കുറ്റസമ്മതം നടത്തിയ ബ്രിഗേഡിയർക്കെതിരെ നടപടി. സൈനിക കോടതി ബ്രിഗേഡിയറുടെ നാലുവർഷത്തെ സീനിയോരിറ്റി വെട്ടിച്ചുരുക്കി. പശ്ചിമബംഗാളിലെ ബിനഗുരിയിലെ ജനറൽ കോർട്ട് മാർഷലാണ് ബ്രിഗേഡിയർക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. ബ്രിഗേഡിയർ റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥരും വിചാരണയിൽ സന്നിഹിതരായിരുന്നു.
സിക്കിം ഡിവിഷനിലെ ബ്രിഗേഡിയറാണ് കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തിയത്. ആരോപണ വിധേയനായ ബ്രിഗേഡിയർ കുറ്റം സമ്മതിച്ചതാണ് ചെറിയ ശിക്ഷ ലഭിക്കാനിടയായതെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. സമാന കേസിൽ മുതിർന്ന ഉദ്യോഗസ്ഥന് അഞ്ചു വർഷംവരെ തടവ് ശിക്ഷ ലഭിച്ചിരുന്നു.