സിജോ പൈനാടത്ത്
കൊച്ചി: ഇടതുപക്ഷ മുന്നണി പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പു പ്രകടനപത്രിക മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇല്ലെന്നു വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്കു സർക്കാരിന്റെ മറുപടി. പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമായ 35 ഇന പരിപാടി നടപ്പാക്കാൻ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണു പ്രകടനപത്രിക ഇല്ലെന്ന ഔദ്യോഗികമറുപടി ലഭിച്ചത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പു പ്രകടനപത്രിക ഒരു സർക്കാർ രേഖയല്ലാത്തതിനാൽ അതു സംബന്ധിച്ച ആധികാരിക വിവരങ്ങൾ ഇവിടെ ലഭിക്കില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 35 ഇന കർമപരിപാടിക്കായി അനുവദിച്ച തുക, ചെലവഴിച്ചതും ചെലവഴിക്കാത്തതും തിരിച്ചടച്ചതുമായ തുകകൾ, പരിപാടിക്കായി രൂപീകരിച്ച ഉപസമിതികൾ എന്നിവയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റ് ഡി.ബി. ബിനുവാണു വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയത്.
അതേസമയം ഇടതുസർക്കാർ ഒരു വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ചു സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പ്രകടനപത്രികയിലെ 35 ഇന പരിപാടികളെക്കുറിച്ച് അവലോകനമുണ്ട്. സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയുടെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് ആദ്യവർഷത്തെ നേട്ടങ്ങൾ അവലോകനത്തിനായി സമർപ്പിക്കുന്നുവെന്ന ആമുഖത്തോടെയാണു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രകടനപത്രികയെ ആധാരമാക്കി അവലോകനറിപ്പോർട്ട് തയാറാക്കി പുറത്തിറക്കിയ സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ അതേ പ്രകടനപത്രികയും അതു സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമല്ലെന്ന വാദം വിചിത്രമാണെന്നു ഡി.ബി. ബിനു ആരോപിച്ചു.
25 ലക്ഷം പേർക്കു തൊഴിൽ ലഭ്യമാക്കുമെന്നതായിരുന്നു പ്രകടനപത്രികയിലെ 35 ഇന പരിപാടിയിലെ ഒന്നാമത്തേത്. അഞ്ചു വർഷം കൊണ്ടു പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം ആദ്യവർഷത്തിൽ എത്രമാത്രം നടപ്പിലായെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ മറുപടിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇടതുസർക്കാരിന്റെ പ്രകടനപത്രികയുടെ പകർപ്പുകൾ അയച്ചുകൊടുത്തു പ്രതീകാത്മകപ്രതിഷേധം നടത്താൻ വിവരാവകാശ പ്രവർത്തകരുടെ കൂട്ടായ്മയായ ആർടിഐ ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്.