രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നായിരുന്നു ആരൂഷി വധം. 2008 മേയ് പതിനാറിനായിരുന്നു നോയിഡ സ്വദേശികളായ തല്‍വാര്‍ ദമ്പതികളുടെ മകളായ ആരൂഷിയെ ബെഡ്റൂമില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ വീട്ടുജോലിക്കാരനായ ഹേമരാജിനെ രണ്ടുദിവസത്തിനുശേഷം ടെറസില്‍ മരിച്ച നിലയിലും കണ്ടെത്തി. അതുവരെ ഹേമരാജാണ് കൊലപാതകിയെന്ന് സംശയിച്ചിരുന്ന പോലീസിന് വലിയ പ്രതിസന്ധിയാണ് രണ്ടാമത്തെ കൊല സമ്മാനിച്ചത്. ഇതോടെ കേസ് സിബിഐ ഏറ്റെടുത്തു.
തൊട്ടുപിന്നാലെ ആരൂഷിയുടെ മാതാപിതാക്കളായ ഡോക്ടര്‍ രാജേഷ് തല്‍വാറും നൂപൂര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മകളെ കൊന്നത് ഇരുവരുമാണെന്നായിരുന്നു കണ്ടെത്തല്‍. അരൂഷിയും 45കാരനായ ഹേമരാജും തമ്മില്‍ അരുതാത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ തമ്മിലുളള കിടപ്പറ ദൃശ്യങ്ങള്‍ നേരിട്ട് കണ്ട രാജേഷ് മകളെ ആദ്യം കൊലപ്പെടുത്തിയെന്നും തൊട്ടുപിന്നാലെ ഹേമരാജിനെയും വകവരുത്തിയെന്നുമാണ് സിബിഐ പറഞ്ഞത്. അതോടെ ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്താണ് തല്‍വാര്‍ ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ തെളിവില്ലെന്നു കണ്ട് വെറുതെ വിടുകയും ചെയ്തത്.
ഇതിനിടെ ആരൂഷി വധം സിനിമയാക്കാന്‍ പല നിര്‍മാണ കമ്പനികളും രംഗത്തുവന്നിരുന്നു. ഇതിനായി മാതാപിതാക്കള്‍ക്ക് അഞ്ചുകോടി രൂപ നല്‍കാനും നിര്‍മാതാക്കള്‍ തയാറായിരുന്നു. ആരൂഷിയുടെ ബന്ധുക്കളെ ഈ കാര്യവുമായി ഇംഗ്ലീഷ് ഫിലിംമേക്കര്‍ ക്ലിപ് എഫ് രണ്യാര്ഡ്സ് സമീപിച്ചിരുന്നെങ്കിലും. തല്‍വാര്‍ ദമ്പതികളുടെ സമ്മതം ഈ കാര്യത്തില്‍ വേണമെന്നാണ് ബന്ധുക്കള്‍ ഈയാളോട് പറഞ്ഞത്. എന്നാല്‍ മകളുടെ ജീവിതവും മരണവും വിറ്റ് പണം വാങ്ങാനില്ലെന്ന നിലപാടിലായിരുന്നു മാതാപിതാക്കള്‍.