ന്യൂഡൽഹി: സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റത്തിൽ ചെറിയ ആശ്വാസം; ഓഗസ്റ്റിലെ വ്യവസായ ഉത്പാദനവളർച്ചയിൽ പ്രതീക്ഷ.ചില്ലറവില സൂചിക (സിപിഐ) സെപ്റ്റംബറിൽ 3.28 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 4.39 ശതമാനമുണ്ടായിരുന്നതിനെ അപേക്ഷിച്ചു കുറവാണിത്. തലേ മാസമായ ഓഗസ്റ്റിലും 3.28 ശതമാനമായിരുന്നു വിലക്കയറ്റം.
ഭക്ഷ്യവിലക്കയറ്റം 1.2 ശതമാനത്തിലേക്കു കുറഞ്ഞിട്ടുണ്ട്. ഇന്ധനം, പാർപ്പിടം, ഗതാഗതം, പുകയില, വസ്ത്രങ്ങൾ തുടങ്ങിയവയൊക്കെ വിലകൂടിയ മേഖലകളാണ്.ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഒഴിച്ചുള്ളവയുടെ വിലക്കയറ്റം 4.6 ശതമാനമായി കൂടി. കഴിഞ്ഞ സെപ്റ്റംബറിൽ ഇത് 4.3 ശതമാനമായിരുന്നു.
വ്യവസായ ഉത്പാദന സൂചിക (ഐഐപി) ഓഗസ്റ്റിൽ മികച്ച ഉയർച്ചയാണു കാണിച്ചത്. 4.3 ശതമാനമാണു വളർച്ച. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നാലു ശതമാനം വളർന്നതാണ്. ഇതോടെ ഏപ്രിൽ-ഓഗസ്റ്റിലെ വളർച്ച 2.2 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ-ഓഗസ്റ്റിൽ 5.9 ശതമാനം വളർച്ച ഉണ്ടായിരുന്നു.
ഈ സാന്പത്തികവർഷം തുടങ്ങിയതിനുശേഷം ഏറ്റവും മികച്ച പ്രകടനമാണിത്. ഏപ്രിലിൽ 2.6 ശതമാനം, മേയിൽ 1.2 ശതമാനം, ജൂണിൽ മൈനസ് ദശാംശം നാലു ശതമാനം, ജൂലൈയിൽ ദശാംശം ഒരു ശതമാനം എന്നിങ്ങനെയായിരുന്നു സൂചികയുടെ ഉയർച്ച.ഖനനമേഖല 9.4 ശതമാനവും വൈദ്യുതി 8.3 ശതമാനവും വളർന്നു. പ്രാഥമിക ഉത്പന്നങ്ങൾക്ക് 7.1 ശതമാനവും മൂലധന സാമഗ്രികൾക്ക് 5.4 ശതമാനവും ഉയർച്ചയുണ്ട്.