ഏറ്റുമാനൂർ: ബസ് സ്റ്റാൻഡിൽ സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യംചെയ്ത രണ്ടു യുവാക്കൾക്കു വെട്ടേറ്റു. പേരൂർ തെക്കേമാന്തോട്ടത്തിൽ സിജോ ജോണിന്റ മകൻ സ്റ്റെഫിൻ(21), പേരൂർ മുകളേൽ മാർട്ടിൻ കുര്യന്റ മകനും ഏറ്റുമാനൂർ ഗവണ്മെന്റ് ഐടിഐ വിദ്യാർഥിയുമായ വിൻസന്റ് (19) എന്നിവർക്കാണു വെട്ടേറ്റത്. ഇവരെ വെട്ടിയ ഏറ്റുമാനൂർ വെട്ടിമുകൾ കോളനി വിഷ്ണുഭവനിൽ രാജേഷി(36)നെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വിൻസന്റിന്റെ നെഞ്ചിനും സ്റ്റെഫിന്റെ കഴുത്തിനുമാണു വെട്ടേറ്റത്.
ഇവരുടെ പരിക്കു സാരമുള്ളതാണ്. വെട്ടേറ്റവരുമായുള്ള മൽപിടിത്തത്തിൽ പരിക്കേറ്റ രാജേഷും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 5.30ന് ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
സ്റ്റെഫിനും വിൻസന്റും വീട്ടിലേക്കു പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന രാജേഷ് സ്ത്രീകളെ ശല്യം ചെയ്യുന്നതു കണ്ട് ഇവർ ചോദ്യംചെയ്തു. ഇതോടെ സ്ഥലത്തുനിന്നു മുങ്ങിയ രാജേഷ് തിരികെയെത്തി യുവാക്കളുമായി വഴക്കുണ്ടാക്കുകയും കൈയേറ്റത്തിനിടെ കൈയിൽ കരുതിയ കത്തിയെടുത്ത് ഇരുവരെയും വെട്ടുകയുമായിരുന്നു.