കോട്ടയം: കൂൾബാറിന്റെ മറവിൽ വെറും കൂളായി മദ്യക്കച്ചവടം നടത്തി വന്നയാളെ ഒരാഴ്ചത്തെ നിരീക്ഷണത്തിനുശേഷം പാലാ എക്സൈസ് സംഘം പിടികൂടി. കുറിഞ്ഞിയിൽ കൂൾബാർ നടത്തിവന്ന മയിയാക്കുപാറ കൊടൂർ തങ്കച്ചൻ (52) ആണ് പിടിയിലായത്. ഇയാളുടെ കടയിൽ നിന്ന് നാലര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി.
പാലാ എക്സൈസ് ഇൻസ്പെക്ടർ സിറിൽ കെ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബിവറേജസിൽനിന്ന് വാങ്ങുന്ന മദ്യം പെഗ് കണക്കിന് ഗ്ലാസിൽ ഒഴിച്ചു നല്കുകയായിരുന്നു. ഒരാഴ്ചയായി എക്സൈസ് ഷാഡോ നിരീക്ഷിച്ച ശേഷമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ.ഹരിഹരൻ പോറ്റി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോബി അഗസ്റ്റിൻ, ഉണ്ണിമോൻ മൈക്കിൾ, എം.ജി.അഭിലാഷ്, അഖിൽ പവിത്രൻ, പി. എസ്.സൂരജ്, രാഹുൽ നാരായണൻ, ഹാഷിം എ മജീദ്, ജസ്റ്റിൻ തോമസ്, ടി.എ.യേശുദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടി.രജനി, ഡ്രൈവർ സി.എം.വിനോദ് എന്നിവർ പങ്കെടുത്തു.