അന്നും ഇന്നും സ്ത്രീ എന്ന വര്‍ഗം ഏറ്റവും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുള്ളത് അവരുടെ സ്രീത്വം കാരണം തന്നെയായിരിക്കും. സാങ്കേതിക വിദ്യകള്‍ കൂടുതല്‍ പ്രചരിക്കുകയും ലഭ്യത വര്‍ദ്ധിക്കുകയും ചെയ്തതോടെ ഇത്തരം ചൂഷമങ്ങളുടെ എണ്ണം കൂടിയുട്ടുണ്ട് എന്നുമാത്രം. ചൂഷണം ചെയ്യുക എന്നത് ആണിന്റെ പൊതുസമൂഹം അംഗീകരിക്കാത്ത അവകാശമായും ചൂഷണത്തിന് വിധേയയായല്‍ അതില്‍ നൊന്ത് നീറി കഴിയുക എന്നത് പെണ്ണിന്റെ വിധിയായും കണക്കാക്കുന്ന സമൂഹത്തിനും അധികം മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ അങ്ങനെയൊരു മാറ്റം ഉണ്ടാകേണ്ട സമയം വളരെയധികം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. അതിന് ചൂഷണവും ഭീഷണിയും ആണിന്റെ മാത്രം കുത്തകയല്ലെന്നും ബുദ്ധിയുള്ള ഒരു പെണ്ണ് വിചാരിച്ചാല്‍ ഒരുവന്റെ അടിവേര് പോലും അറുക്കാന്‍ സാധിക്കുമെന്നും തെളിയിക്കുന്ന ഒരു കഥയാണ്, സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തികച്ചും സ്ത്രീപക്ഷ രചനയായ, അവളുടെ പ്രതികാരം എന്ന പേരിലുള്ള കഥയാണ് ഇതിനോടകം പതിനായിരങ്ങള്‍ വായിച്ചുകഴിഞ്ഞത്. സമീര്‍ അയാന്‍ ചെങ്ങമ്പള്ളി എന്ന യുവാവ് എഴുതിയ കഥ സ്ത്രീകളേക്കാളുപരിയായി ഓരോ പുരുഷന്മാരും വായിച്ചിരിക്കേണ്ട കഥയാണ്.
അവളുടെ പ്രതികാരം, കഥ വായിക്കാം…
‘നിങ്ങള്‍ അറിഞ്ഞില്ലേ ???… നാരായണന്‍ ചേട്ടന്റെ മകളുടെ മറ്റേ വീഡിയോ പുറത്തിറങ്ങിയെന്ന്… ഏതോ ഒരു പയ്യനും ഉണ്ട് കൂടെ. എന്തായിരുന്നു അങ്ങേരുടെ ഒരു നെഗളിപ്പ്… സ്വന്തം മക്കളെ നേരാവണ്ണം വളര്‍ത്താന്‍ കഴിയാത്ത ഇവനൊക്കെ പോയി തൂങ്ങി ചത്തൂടെ ‘ഗോപാലേട്ടന്റെ ചായക്കടയില്‍ കൂട്ടച്ചിരി മുഴങ്ങിയതും നിമിഷ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. അവള്‍ ലൈറ്റ് ഓണ്‍ ചെയ്തു ക്ലോക്കിലേക്ക് നോക്കി. സമയം മൂന്നിലേക്ക് അടുക്കുന്നു. നെറ്റിയില്‍ നിന്നും കവിളിലേക്ക് ഊര്‍ന്നിറങ്ങുന്ന വിയര്‍പ്പ് കണങ്ങള്‍ ഓരോന്നും അവള്‍ തുടച്ചെടുത്തു. കണ്ണടച്ചാല്‍ മനസ്സിനെ അസ്വസ്ഥമാക്കുന്ന ദുസ്വപ്നങ്ങള്‍ മാത്രം. നന്നായൊന്ന് ഉറങ്ങിയിട്ട് ദിവസങ്ങള്‍ ഏഴായി. അവള്‍ മൊബൈല്‍ ഫോണെടുത്തു. നവീന്‍ അവസാനമായി അയച്ച വാട്‌സാപ്പ് മെസ്സേജ് ഒരിക്കല്‍ക്കൂടി വായിച്ചു നോക്കി. ‘ഇനിയും നിന്റെ തീരുമാനം അറിയിച്ചില്ലെങ്കില്‍ ഞാന്‍ ആ കടുംകൈ ചെയ്യും ‘ഓരോ തവണ അത് വായിക്കുമ്പോഴും മനസ്സ് കൂടുതല്‍ അസ്വസ്ഥമാകുന്നതു പോലെ അവള്‍ക്ക് തോന്നി. ഒരു വര്‍ഷം മുന്‍പാണ് അവള്‍ നവീനെ ആദ്യമായി കണ്ടുമുട്ടിയത്. അവളുടെ പ്രിയകൂട്ടുകാരി ലക്ഷ്മിയുടെ ചേട്ടനും കോളജിലെ തന്റെ സീനിയറുമായിരുന്നു നവീന്‍ അന്ന്. നവീനുമായുള്ള സൗഹൃദം ഗാഢമായ പ്രണയത്തിലേക്ക് തെന്നിമാറിയത് വളരെ പെട്ടെന്നായിരുന്നു. ലക്ഷ്മിപോലും അറിയാതെ ആ ബന്ധം കൂടുതല്‍ ദൃഢമായി വളര്‍ന്നു. പഠിത്തം കഴിഞ്ഞാലുടന്‍ പ്രണയത്തെ കുറിച്ച് വീട്ടുകാരോട് പറയാമെന്നും അവര്‍ എതിര്‍ത്താലും ഇല്ലെങ്കിലും അവളെ വിവാഹം കഴിക്കാമെന്നും അവന്‍ ഉറപ്പ് നല്‍കിയപ്പോള്‍ അവളത് വിശ്വസിച്ചു.
ഒരിക്കല്‍ ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് തന്റെ ശരീരം ആവശ്യപ്പെട്ട അവനോട് അത് പറ്റില്ലെന്ന് നിര്‍ദാക്ഷിണ്യം പറഞ്ഞതാണ്. തന്റെ പ്രണയത്തെ വിശ്വാസമില്ലെങ്കില്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് അവന്‍ ശാഠ്യം പിടിച്ചതോടെ അവള്‍ക്കും സമ്മതിക്കേണ്ടി വന്നു. അടുത്ത ദിവസം അവളുടെ ഫോണിലേക്ക് അവന്റെ ഒരു വീഡിയോ സന്ദേശം വന്നു. നവീനുമായി ശരീരം പങ്കുവെക്കുന്ന ചിത്രം അവന്‍ തന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരിക്കുന്നു. വീഡിയോയുടെ കൂടെ അവന്റെ ഒരു ഭീഷണി കുറിപ്പും. താന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവള്‍ അതിന് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ആ ഭീഷണി കുറിപ്പിലുണ്ടായിരുന്നു. താന്‍ പ്രാണന് തുല്യം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത നവീന്‍ തന്നെ ചതിക്കുകയായിരുന്നെന്ന സത്യം ഉള്‍കൊള്ളാന്‍ അവള്‍ക്കാദ്യം കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഒരിക്കല്‍പോലും അവര്‍ തമ്മില്‍ കണ്ടുമുട്ടിയിട്ടില്ല. പക്ഷേ, ഓരോ ദിവസം കഴിയുന്തോറും അവന്റെ ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടേയിരുന്നു. ഇങ്ങനെ തീ തിന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണെന്ന് നിരവധി തവണ ആലോചിച്ചിരുന്നു. പക്ഷേ, തന്റെ മരണശേഷം പപ്പയുടെയും മമ്മയുടെയും ജീവിതം ഇരുട്ടിലാകുമെന്ന് അവള്‍ക്കറിയാമായിരുന്നു. സമയം അഞ്ചര മണി കഴിഞ്ഞിരിക്കുന്നു. ചെരിഞ്ഞും മലര്‍ന്നും ഉറക്കം വരാതെ സമയം തള്ളിനീക്കിയിരുന്ന അവള്‍ ഇപ്പോള്‍ ഉറക്കത്തിലേക്ക് വീണിരിക്കുന്നു.
അന്നേ ദിവസം അവളുണര്‍ന്നത് ചില തീരുമാനങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചുകൊണ്ടായിരുന്നു. അവള്‍ കുളിച്ചൊരുങ്ങി മുറ്റത്തേക്ക് ചെന്നു. കോഴിത്തള്ളയെയും കുഞ്ഞുങ്ങളെയും കൂട്ടില്‍ കയറ്റാന്‍ മത്സരിച്ചു ഓടുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു. ‘ഞാന്‍ ലക്ഷ്മിയുടെ വീട്ടിലേക്ക് പോകുന്നു… നാളെയൊരു പരീക്ഷയുണ്ട്… അവളുടെ കൂടെ പഠിക്കാമെന്ന് കരുതി… ഞാന്‍ നാളെ രാവിലെ മാത്രമേ വരുകയുള്ളൂ ‘പതിവില്‍ നിന്ന് വ്യത്യസ്തമായി അവള്‍ അവരുടെ കാല്‍തൊട്ട് വന്ദിച്ചു. ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്ന അവരോട് അവള്‍ പറഞ്ഞു. ‘ഈ പരീക്ഷ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്… ഞാന്‍ ജയിച്ചു വരാന്‍ നിങ്ങള്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കണം. ‘അവര്‍ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്‍പേ അവള്‍ തിരിച്ചു നടന്നിരുന്നു. ലക്ഷ്മിയുടെ വീട്ടിലെത്തിയതും അവര്‍ അവളെ ഹൃദ്യമായി സ്വീകരിച്ചു. ആദ്യമായി വീട്ടിലേക്ക് താമസിക്കാന്‍ വന്ന അതിഥിയെ സ്വീകരിക്കാന്‍ അവര്‍ ഉല്‍സാഹം കാണിച്ചു. ലക്ഷ്മിക്കപ്പോഴും നിമിഷയിലെ ഈ മാറ്റത്തെ വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ നിരവധി തവണ അവളെ വീട്ടിലേക്ക് ക്ഷണിച്ചതാണ്. അപ്പോഴെല്ലാം എന്തെങ്കിലും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന അവളിന്ന് വിളിക്കാതെ തന്നെ വന്നിരിക്കുന്നു. സമയം ഒന്‍പതര കഴിഞ്ഞതും നവീന്‍ വന്നു. തന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ സ്വന്തം അനിയത്തിയുടെ തോളില്‍ കയ്യിട്ടു ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന നിമിഷയെ കണ്ടതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു. ‘ഇവളെങ്ങനെ ഇവിടെയെത്തി ???’ ‘ചേട്ടാ… ഇതെന്റെ ഫ്രണ്ട് നിമിഷ… ചേട്ടന്‍ കോളജില്‍ ആയിരുന്നപ്പോള്‍ കണ്ടിട്ടില്ലേ ഇവളെ എന്റെ കൂടെ ??’ ‘ഹ്മ്മ്… കണ്ടതായി ഓര്‍ക്കുന്നു’ നവീന്റെ മനസ്സാകെ അസ്വസ്ഥമാകാന്‍ തുടങ്ങി.
ഇവള്‍ അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ ആകെ കുഴപ്പമാകും. പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. തീന്മേശക്ക് ചുറ്റും കൂടി ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴെല്ലാം അവന്‍ ഇടംകണ്ണിട്ട് അവളെത്തന്നെ നോക്കികൊണ്ടിരുന്നു. കൈകഴുകാന്‍ വാഷ്ബേസിന് നേരെ നടന്ന അവളുടെ പിറകെ അവനും ചെന്നു. ആരും ശ്രദ്ധിക്കില്ലെന്ന് ബോധ്യമായപ്പോള്‍ ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു. ‘അച്ഛനോടും അമ്മയോടും പറയാനാണ് വന്നതെങ്കില്‍ ഇന്ന് തന്നെ ഞാനതെല്ലാം നെറ്റില്‍ ഇടും… മര്യാദക്ക് നാളെ അതിരാവിലെ തന്നെ സ്ഥലം വിട്ടോ ‘നിമിഷ അവനോട് ഒന്നും പറഞ്ഞില്ല. പകരം, അവനെ തീക്ഷണമായൊന്ന് നോക്കി. അടുത്ത ദിവസം അവന്‍ പതിവില്‍ നിന്നും വളരെ നേരെത്തെ എഴുന്നേറ്റു. നിമിഷയെ തിരഞ്ഞ് വീടിനകം നടന്നു. കണ്ടില്ല. അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുകയായിരുന്ന ലക്ഷ്മിയോടവന്‍ സമ്മര്‍ദ്ദം പുറത്തുകാണിക്കാതെ സ്വഭാവികമായി ചോദിച്ചു. ‘നിന്റെ ഫ്രണ്ട് എവിടെ ??”അവള്‍ അതിരാവിലെ തന്നെ പോയല്ലോ’. അവന്റെ മനസ്സ് സന്തോഷം പെരുമ്പറകൊട്ടി. അവന്‍ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് നടന്നു. തന്റെ ഇന്നലത്തെ ഭീഷണി അവളെ ഭയപ്പെടുത്തിയെന്ന് അവന്‍ കരുതി. ഫോണെടുത്തു. ഇന്റര്‍നെറ്റ് ഓണാക്കി. വാട്‌സാപ്പ് തുറന്നപ്പോള്‍ നിമിഷയുടെ മൂന്ന് സന്ദേശങ്ങള്‍ വന്നിരുന്നതായി നോട്ടിഫിക്കേഷന്‍ ബാറില്‍ തെളിഞ്ഞു. അവന്‍ ആകാംഷാപൂര്‍വ്വം അത് തുറന്നുനോക്കി.
മൂന്ന് വിഡിയോകള്‍. ഓരോന്നും ആകംഷപൂര്‍വ്വം അവന്‍ നോക്കി. കുളിമുറിയില്‍ നിന്ന് വസ്ത്രം മാറുന്ന ഒരു മധ്യവയസ്‌ക. അതും പരിചയമുള്ള മുഖം. അവന്‍ പരിഭ്രമത്തോടെ ആ മധ്യവയസ്‌കയുടെ മുഖം സൂം ചെയ്ത് നോക്കി. ‘അമ്മ !….എന്റെ വീട്ടിലെ ബാത്‌റൂം ‘രണ്ടാമത്തെ വിഡിയോയില്‍ ചേട്ടന്റെ ഭാര്യ. മൂന്നാമത്തെ വിഡിയോയില്‍ ലക്ഷ്മി. അവന്‍ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിക്കാതെ തലയില്‍ കൈവെച്ചു. ‘ദൈവമേ… ഇവളിത് ആര്‍ക്കെങ്കിലും അയച്ചു കൊടുക്കുമോ… ഞാന്‍ കാരണം, എന്റെ അമ്മ, അനിയത്തി, ചേച്ചി…. ‘അവന്റെ ചിന്തകള്‍ കാടുകയറി സഞ്ചരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പേ മൂന്നാമത്തെ മെസ്സേജും. ‘നീ എന്താണ് കരുതിയത്….. നിനക്ക് മാത്രമേ ഈ വിദ്യ അറിയുമെന്നോ ??…നീ എന്റെ വിഡിയോ അപ്ലോഡ് ചെയ്താല്‍ അപമാനിക്കപ്പെടുന്നത് ഞാന്‍ മാത്രമാണ്… പക്ഷേ, എന്റെ കയ്യിലുള്ള വിഡിയോകള്‍ ഞാന്‍ ഷെയര്‍ ചെയ്താല്‍ ഒരു കുടുംബം മുഴുവന്‍ അപമാനിക്കപ്പെടും….പക്ഷേ, ഞാനിത് ചെയ്യില്ല… കാരണം, ഞാന്‍ നിന്നെപ്പോലെ ചെറ്റയല്ല…. നിന്റെ അമ്മയെ എന്റെ സ്വന്തം അമ്മയായി കണ്ടുപോയി. … നിന്റെ അനിയത്തിയേയും ചേട്ടത്തിയെയും എന്റെ കൂടപ്പിറപ്പുകളായി കണ്ടുപോയി…അത്‌കൊണ്ട് നീ എനിക്കയച്ച വീഡിയോ ഞാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അവരിപ്പോള്‍ നിന്നെ അറസ്റ്റ് ചെയ്യാന്‍ വരും…. നീ വേഗം ഗേറ്റിന് പുറത്തേക്ക് നിന്നോ… വീട്ടിലൊരു സീന്‍ ഉണ്ടാക്കേണ്ട…ഇനിയെങ്കിലും മനസ്സിലാക്കിക്കോ…പെണ്ണാന്നാല്‍ ഭൂമിയോളം ക്ഷമിക്കാന്‍ ശേഷിയുള്ളവളാണ് … അഗ്‌നിപര്‍വ്വതത്തോളം കരിച്ചുകളയാനും….. ‘