എന്റെ സിനിമയെ നശിപ്പിച്ചു ! ക്ലൈമാക്‌സ് മാറ്റം തന്റെ അറിവോടെയല്ലെന്ന് തുറന്നു പറഞ്ഞ് സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍; കളക്ഷന്‍ കൂട്ടാന്‍ വേണ്ടി ചെയ്തതെന്ന് നിര്‍മാതാവ്

ഏറെപ്രതീക്ഷയോടെ എത്തിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സോളോ. ആദ്യ ഷോ മുതല്‍ സമൂഹമാധ്യമങ്ങളില്‍ റിവ്യുകളും നിറഞ്ഞു. പരീക്ഷണചിത്രമെന്നും പുതുമയുള്ള സിനിമയെന്നുമായിരുന്നു ഒട്ടു മിക്ക ആരാധകരും പ്രതികരിച്ചത്. എന്നാല്‍ സിനിമയെ ചിലര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. വിമര്‍ശനങ്ങള്‍ കൂടിയതോടെയാണ് നിര്‍മാതാവ് ഏബ്രഹാം മാത്യു ഇടപെട്ട് സിനിമയുടെ ക്ലൈമാക്‌സ് മാറ്റുന്നത്.

ചിത്രം രക്ഷപ്പെടുത്താന്‍ ക്ലൈമാക്‌സ് മാറ്റാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നു നിര്‍മാതാവ് ഏബ്രഹാം മാത്യു പറയുന്നു. രുദ്ര, ശിവ, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളാണു സിനിമയ്ക്കുള്ളത്. ഇതില്‍ രുദ്രയുടെ അവസാനഭാഗത്തെ കുറച്ചു രംഗങ്ങള്‍ എഡിറ്റ് ചെയ്തുമാറ്റി. സിനിമയ്ക്കു വേണ്ടി ദുല്‍ഖര്‍ എടുത്ത കഠിനപ്രയത്‌നം പ്രേക്ഷകരിലെത്തിക്കാന്‍ ക്ലൈമാക്‌സ് മാറ്റം അനിവാര്യമാണെന്നാണു നിര്‍മാതാവിന്റെ വാദം. അവസാന രംഗത്തിലെ ഒരു സംഘട്ടനം അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും അതിനു ശേഷമുള്ള ചില സീനുകളും സുഹാസിനിയും ദുല്‍ഖറിന്റെ കഥാപാത്രവും തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളും എടുത്തുകളഞ്ഞ് ദൈര്‍ഘ്യം കുറച്ച ചിത്രമാണ് ഇപ്പോള്‍ തീയറ്ററില്‍ ഓടുന്നത്.

എന്നാല്‍ ക്ലൈമാക്‌സ് മാറ്റം തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് സിനിമയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഇപ്പോള്‍ രംഗത്തെത്തയിരിക്കുകയാണ്. ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയതോടെ സോളോ ആകെ നാശമായെന്നാണ് ബിജോയ് നമ്പ്യാരുടെ അഭിപ്രായം. ഞാന്‍ പരിപൂര്‍ണമായി സോളോയെ സ്‌നേഹിക്കുന്നു. അതിന്റെ ഒറിജിനല്‍ പതിപ്പിനെ. ബിജോയ് നമ്പ്യാര്‍ യാഥാര്‍ഥ്യമാക്കിയ പതിപ്പിനെ- നായകന്‍ ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. ബിജോയ് നമ്പ്യാരുടെ ആഖ്യാനവുമായി ഒരു ബന്ധവുമില്ലാത്തവര്‍ സിനിമ വെട്ടുന്നതും സീനുകള്‍ മാറ്റിമറിക്കുന്നതും ശരിയല്ലയെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരതയാണ്. രണ്ടു ഭാഗങ്ങളും കണ്ട ഒരുപാടു പേര്‍ വിളിച്ചിരുന്നു. ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. പുതിയ മാറ്റം കണ്ടാലറിയാം, എന്തു വൃത്തികേടായാണു ചെയ്തുവച്ചിരിക്കുന്നതെന്ന്. നമ്മള്‍ എന്തു പുതുതായി ചെയ്താലും ആളുകള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളില്ലെന്നതു മനസ്സിലാക്കാം. എന്നാല്‍, സോളോയുടെ കാര്യത്തില്‍ അതിലപ്പുറവും സംഭവിച്ചു. ഒരു അവസരം നല്‍കുന്നതിനു മുന്‍പു തന്നെ ചിത്രത്തെ മോശമാക്കുന്നതാണു കണ്ടത്. പരീക്ഷണ ചിത്രമായിരുന്നു സോളോ. കഴിവിന്റെ പരമാവധി നന്നായാണു ചെയ്തതും. എന്നിട്ടും എനിക്ക് അവസരം കിട്ടിയില്ല. ബിജോയ് നമ്പ്യാര്‍ പറയുന്നു.

എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വിഭിന്നമായ അഭിപ്രായമാണ് നിര്‍മാതാവ് ഏബ്രഹാം മാത്യുവിന്. ക്ലൈമാക്‌സ് മാറ്റിയശേഷം സോളോയുടെ കലക്ഷന്‍ കൂടിയിട്ടുണ്ടെന്നും സിനിമ നന്നാകാന്‍ വേണ്ടിയാണു ക്ലൈമാക്‌സ് മാറ്റിയതെന്നും നിര്‍മാതാവ് പറയുന്നു. പ്രേക്ഷകര്‍ക്കെല്ലാം പുതിയ ക്ലൈമാക്‌സിനെപ്പറ്റി നല്ല അഭിപ്രായമാണെന്നും ഇതില്‍ വിവാദമുണ്ടാക്കേണ്ട ഒരു കാര്യവുമില്ലയെന്നും ഏബ്രഹാം മാത്യു വ്യക്തമാക്കുന്നു.

സിനിമ പൂര്‍ണമായി ഡിജിറ്റല്‍ ആയതോടുകൂടി, രംഗങ്ങള്‍ വെട്ടിമാറ്റിയോ നേരത്തെ ഷൂട്ട് ചെയ്തവ കൂട്ടിച്ചേര്‍ത്തോ വീണ്ടും തീയറ്ററുകളിലെത്തിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇല്ലാതായി. സോളോയില്‍ പുതിയ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. ചില സീനുകള്‍ നിര്‍മാതാവിന്റെ നിര്‍ദേശാനുസാരണം വെട്ടിമാറ്റുക മാത്രമാണുണ്ടായത്. തീയറ്ററുകളിലെത്തിയ സിനിമയില്‍ മാറ്റം വരുത്തുന്നതിനു സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നതാണു മറ്റൊരു പ്രശ്‌നം. പക്ഷേ, ചില സീനുകള്‍ വെട്ടിമാറ്റിയാലും തങ്ങള്‍ നേരത്തെ അംഗീകരിച്ച ഭാഗങ്ങള്‍ തന്നെയാണു തീയറ്ററുകളിലുണ്ടാവുക എന്നതിനാല്‍ പൊതുവേ സെന്‍സര്‍ ബോര്‍ഡ് ഇതില്‍ ഇടപെടാറില്ല. രണ്ടാമതും സിനിമ അംഗീകരിക്കുന്നതിനു വളരെ ലളിതമായ നടപടിക്രമങ്ങള്‍ മാത്രമേയുള്ളൂ. എന്നാല്‍, തീയറ്ററിലെത്തിയ സിനിമയില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തുകയാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ. സമ്മിശ്രപ്രതികരണമാണ് സോളോയ്ക്ക് തീയറ്ററുകളില്‍ നിന്നു ലഭിക്കുന്നത്.

 

Related posts