വടകര: ഭർതൃമതിയായ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ. അഴിയൂർ കോറോത്ത് റോഡ് സുനാമി കോളനിയിൽ കൗസ്തുഭത്തിൽ അശോകനെയാണ് (53) സർക്കിൾ ഇൻസ്പെക്ടർ ടി. മധുസൂദനൻ നായർ അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ആറിനു രാത്രിയാണ് യുവതിയെ വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് അശോകൻ കടന്നുപിടിച്ചത്. പരിക്കേറ്റ യുവതി മാഹി ഗവ.ആശുപത്രിയിൽ ചികിത്സ തേടി. കുതറി മാറാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു മുഖത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി.
അടിയേറ്റു യുവതിയുടെ ചുണ്ട് മുറിഞ്ഞു. കരച്ചിൽ കേട്ടു മക്കൾ നിലവിളിക്കുകയും അയൽവാസികൾ ഓടിവരികയും ചെയ്തപ്പോൾ മതിൽ ചാടിക്കടന്ന് അശോകൻ രക്ഷപ്പെടുകയായിരുന്നു. പരാതി നൽകിയിട്ടും തുടർ നടപടി കൈക്കൊള്ളാത്ത ചോന്പാല പോലീസ് നടപടി വിവാദമായിരുന്നു.
മുഖ്യമന്ത്രി ഉൾപെടെയുള്ളവർക്കു പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.