പാനൂർ: റാഗിംഗിനിരയായ വിദ്യാർഥി പ്രിൻസിപ്പാലിന് പരാതി നൽകാനെത്തിയപ്പോൾ രക്ഷിതാവിനും വിദ്യാർഥിക്കും സഹോദരനും മർദ്ദനം. ഇന്നലെ വൈകുന്നേരം കല്ലിക്കണ്ടി എൻഎഎം കോളജിലാണ് സംഭവം.കോളജിൽ വെച്ച് റാഗിംഗിനിരയായ ഒന്നാം വർഷ ബി എസ് സി വിദ്യാർഥി കവിയൂരിലെ നിസാമിനെയും പിതാവിനെയും സഹോദരനെയുമാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് നിസാം കോളജിൽ വെച്ച് സീനിയർ വിദ്യാർഥികളുടെ റാഗിംഗിനിരയായത്. ഇത് സംബന്ധിച്ച് സീനിയർ വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പാലിന് പരാതി നൽകാനെത്തിയപ്പോഴാണ് കോളജ് കോമ്പൗണ്ടിൽ വെച്ച് നിസാമിനെയും സഹോദരനെയും മർദിച്ചത്.
ഇത് കണ്ട സംഭവസ്ഥലത്ത് പിതാവ് ഓടിയെത്തിയെങ്കിലും ഇയാളെയും കയേറ്റം ചെയ്തു.ഇവരെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനെത്തിയ കോളജിലെ വിദ്യാർത്ഥി എംഎസ്എഫ് നേതാവ് ഷർബാസിനെ നിസാമും പിതാവും സഹോദരനും ചേർന്ന് മർദിച്ചതായും പരാതിയുണ്ട്.
മൂക്കിന് സാരമായി പരിക്കേറ്റ ഷർബാസിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിസാമിനെ റാഗിംഗ് ചെയ്തതിന് സീനിയർ വിദ്യാർഥികളായ 4 പേർക്കെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.