കൊച്ചി/പനാജി: മഴയിലും തണുക്കാത്ത പോരാട്ടവീര്യവുമായി ഇരമ്പിക്കയറിയ ജർമൻ കുട്ടികൾ ഗിനിയയെ വീഴ്ത്തി അണ്ടർ 17 ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജർമൻ ജയം. രണ്ടു മത്സരങ്ങൾ ജയിച്ച ജർമനി ആറു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടറിൽ കടന്നത്.
ക്യാപ്റ്റൻ യാൻ ഫിറ്റെ ആർപ്പ് (8), നിക്കൊളാസ് കുയേൻ (62), സാവെർദി സെറ്റിൻ (90+5, പെനൽറ്റി) എന്നിവരാണ് ജർമനിയുടെ സ്കോറർമാർ. ഇബ്രാഹിം സൗമയാണ് (26) ഗിനിയയുടെ ആശ്വാസ ഗോൾ നേടിയത്. സ്കോർ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. കനത്ത പോരാട്ടം നടത്തിയാണ് ഗിനിയ കീഴടങ്ങിയത്.
പ്രീ ക്വാർട്ടറിൽ കടക്കണമെങ്കിൽ ജയിച്ചേതീരുമെന്ന അവസ്ഥയിലായിരുന്ന ജർമനി മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തി. എന്നാൽ 26 ാം മിനിറ്റിൽ ഗിനിയ സമനില പിടിച്ചു. രണ്ടാം പകുതിയിൽ കളി ഗിനിയയിൽനിന്ന് ജർമനി പിടിച്ചെടുത്തു. 62 ാം മിനിറ്റിൽ വിജയഗോളും ഇഞ്ചുറി ടൈമിൽ മൂന്നാം ഗോളും നേടി ജർമനി പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.
അവസാന ഗ്രൂപ്പ് മത്സരത്തിലും ജയിച്ച് തോൽവിയറിയാതെ ഇറാൻ അണ്ടർ 17 ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടന്നു. കോസ്റ്ററീക്കയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാൻ പരാജയപ്പെടുത്തിയത്. മുഹമ്മദ് ഗോബെഷവി, താഹ ഷരിയാതി, മുഹമ്മദ് സർദാരി എന്നിവരാണ് ഗോൾ നേടിയത്.
ആദ്യ പകുതിയിൽ രണ്ട് പെനാൽറ്റികൾ വലയിലാക്കിയാണ് ഇറാൻ ലീഡെടുത്തത്. രണ്ടാം പകുതിയിൽ മുഹമ്മദ് സർദാരി ഫീൽഡ് ഗോളിലൂടെ പട്ടിക തികയ്ക്കുകയും ചെയ്തു.