വടകര: സോളാർ കേസിൽ സുപ്രധാന വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണൻ. കേസിന്റെ മുഖ്യസുത്രധാരൻ മുൻമന്ത്രിയും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ ആണെന്ന് ബിജു രാധാകൃഷ്ണ് വടകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
സോളാർ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായർക്കു രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നൽകിയത് ഗണേഷ് കുമാർ ആണെന്നു ബിജു ആരോപിച്ചു. സോളാർ ഇടപാടിൽ വടകരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വഞ്ചിച്ച കേസിൽ പ്രതിയായ ബിജു രാധാകൃഷ്ണനെ വിചാരണയ്ക്കു വേണ്ടി വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.
മുഖ്യമന്ത്രിയിലും സോളാർ കേസിന്റെ പോക്കിലും വിശ്വാസമുള്ളതിനാലാണ് ഇപ്പോൾ ഇക്കാര്യം പരാതിയായി നൽകാൻ തയാറായതെന്നു ബിജു അറിയിച്ചു. എഴുതിത്തയാറാക്കിയ പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.