കോട്ടയം: ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാൻ ഹോസ്റ്റൽ അധികൃതർ അനുവാദം നല്‍കിയില്ല. പതിനാലുകാരിയെ രാത്രിയിൽ ഹോസ്റ്റലിൽനിന്ന് കാണാതായി. ഹോസ്റ്റൽ അധികൃതർ നല്കിയ പരാതിയിൽ മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ പെണ്‍കുട്ടിയെ കണ്ടെത്തി.
ഇന്നലെ രാത്രിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. കാണാതാകുന്നതിനു മുൻപ് ഒരു ബന്ധു പെണ്‍കുട്ടിയെ കാണാൻ ഹോസ്റ്റലിൽ എത്തിയിരുന്നു. വീട്ടിൽ എന്തോ ചടങ്ങുണ്ടെന്നും അതിനായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനാണ് വന്നതെന്നും പറഞ്ഞു. എന്നാൽ ഹോസ്റ്റൽ അധികൃതർ പെണ്‍കുട്ടിയെ പോകാൻ അനുവദിച്ചില്ല.
പിന്നീട് രാത്രിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. പോലീസിൽ പരാതി ലഭിച്ചയുടനെ എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ബന്ധുവിനെ രാത്രിയിൽ ഫോണ്‍ ചെയ്ത് ചോദിച്ചെങ്കിലും പെണ്‍കുട്ടി എവിടെയുണ്ടെന്ന് അറിയില്ല എന്നാണ് അയാൾ പോലീസിനെ അറിയിച്ചത്. പോലീസ് ഇന്നു രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കുട്ടി അവിടെയുണ്ടായിരുന്നു. പിന്നീട് കൂട്ടിക്കൊണ്ടു വന്നു. വൈദ്യപരിശോധന നടത്തിയ ശേഷം ഇന്നു കോടതിയിൽ ഹാജരാക്കും. ല