കരുനാഗപ്പള്ളി: ആംഗൻവാടിക്ക് സമീപത്തെ കൂറ്റൻ കടന്നൽകൂട് ഭീഷണിയാവുന്നു. ഇരുപതോളം കുട്ടികൾ പഠിക്കുന്ന റോഡിന് ഓരം ചേർന്ന് നിൽക്കുന്ന സ്ഥലത്താണ് കടന്നൽകൂട് ഭീഷണിയാവുന്നത്.
കരുനാഗപ്പള്ളി തറയിൽ മുക്കിനു സമീപമുള്ള തൈയ്ക്കാവിന്റെ സമീപത്തെ നാൽപത്തിനാലാം നമ്പർ ആംഗൻവാടിയ്ക്കു സമീപമാണ് ഭീഷണി ഉയർത്തി കടന്നൽകൂട് രൂപം കൊണ്ടിരിക്കുന്നത്. ആംഗൻവാടിയുടെ അടുക്കള ഭാഗത്തോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്നുള്ള മാവിലാണ് കൂറ്റൻ കടന്നൽകൂട്. മൂന്നു മാസം മുമ്പ് വീട്ടുടമസ്ഥനെ വിവരം അറിയിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ലെന്നും അധ്യാപകരും രക്ഷകർത്താക്കളും പറയുന്നു.
ഇപ്പോൾ കൂട് വലുതായതോടെ കുട്ടികളെ ആംഗൻവാടിക്ക് പുറത്തിറക്കാതെ കതകടച്ചിരിക്കുകയാണ് ആംഗൻവാടി പ്രവർത്തകർ. ഭക്ഷണം പാകം ചെയ്യാൻ വെള്ളമെടുക്കാൻ പോലും പുറത്തിറങ്ങാൻ പോലുമാവാത്ത സ്ഥിതിയാണ്. ഇതുകാരണം പിഞ്ചു കുട്ടികളെ ആംഗൻവാടിയിലേക്കയക്കാൻ രക്ഷകർത്താക്കളും ഭയപ്പെടുകയാണ്. പ്രശ്ന പരിഹാരത്തിനായി കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ്.