തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഡിജിപിക്കു പരാതി നൽകി. സോളാർ കന്പനിയുടെ ഉടമ ഗണേഷ്കുമാറാണെന്നും ഇതു സംബന്ധിച്ച എല്ലാ വിഷയങ്ങളിലും ഗണേഷിനു പങ്കുണ്ടെന്നുമുള്ള ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എല്ലാ കാര്യങ്ങളും അന്വേഷിക്കണം.
ജയിലിൽനിന്നു സരിത എഴുതിയെന്നു പറയുന്ന കത്ത് പുറത്ത് എത്തിച്ചതിനു പിന്നിലും ജയിൽ മോചിതയായ സരിതയെ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മാറി മാറി പാർപ്പിച്ചതിനു പിന്നിലും ഗണേഷിനു പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടു ഡ്രൈവർമാരുടെ ദുരൂഹ മരണത്തെക്കുറിച്ചും ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ രക്ഷിക്കാൻ കൊട്ടാരക്കര എംഎൽഎയായ ഐഷാപോറ്റി ശ്രമിച്ചെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.