സെന്റിന് 25 ലക്ഷം മതിപ്പുവിലയുള്ള കെഎസ്ആര്‍ടിസിയുടെ ഒന്നേമുക്കാല്‍ സെന്റ് വസ്തു മറിച്ചു വിറ്റത് വെറും 1.75 ലക്ഷം രൂപയ്ക്ക്; കച്ചവടം കണ്ടുപിടിച്ചപ്പോള്‍ രാജമാണിക്യം പുറത്ത്; എസ്റ്റേറ്റ് വിഭാഗത്തിന്റെ കള്ളക്കളികള്‍ ഇങ്ങനെ…

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ നശിപ്പിക്കാന്‍ ജീവനക്കാര്‍ മത്സരിക്കുന്നു. സര്‍ക്കാരും എംഡിയും അറിയാതെ കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഈഞ്ചയ്ക്കല്‍ ഡിപ്പോയുടെ ഭൂമി നിയമവിരുദ്ധമായി സ്വകാര്യവ്യക്തിക്ക് വിറ്റത് കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍. ഇത് കണ്ട് പിടിച്ചതിന്റെ പ്രതികാര നടപടിയാണ് രാജമാണിക്യത്തിന്റെ പുറത്താകല്‍ എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. വിറ്റത് വെറും ഒന്നേമുക്കാല്‍ സ്ഥലമാണെങ്കിലും നഷ്ടമായത് പത്തു സെന്റാണ്. ഒരു സെന്റിന് ഒരുലക്ഷം നിരക്കില്‍ ഒന്നേമുക്കാല്‍ സെന്റ് 1.75 ലക്ഷത്തിനാണ് വിറ്റതെന്നാണ് സൂചന.

തിരുവനന്തപുരത്ത് പൊന്നും വിലയുള്ള സ്ഥലമാണ് ഈഞ്ചയ്ക്കലിലേത്. ബൈപാസ് വന്നതോടെ വസ്തുവിന്റെ വില അനുദിനം ഉയരുകയാണ്. ഇവിടെ നാമമാത്രമായ തുകയ്ക്കാണ് വസ്തു കെഎസ്ആര്‍ടിസി വിറ്റുതുലച്ചത് സര്‍ക്കാര്‍ കണക്കനുസരിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള വസ്തുവിന് സെന്റിന് 15 ലക്ഷത്തിലേറെ വിലയുണ്ട്. എന്നാല്‍ അനുദിനം വികസിക്കുന്ന ഈ സ്ഥലത്തെ യഥാര്‍ത്ഥ വിപിണി വില സെന്റിന് കാല്‍ക്കോടിക്കും മുകളിലാണ്. ഇത്തരത്തിലൊരു ഭൂമിയാണ് നാമമാത്രമായ തുകയ്ക്ക് വിറ്റത്. ഇടപാടിന്റെ മറവില്‍ 10 സെന്റും നഷ്ടമായി. ആധാരം രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും വില സ്വീകരിച്ച് ഭൂമിനല്‍കി.

നാലുവര്‍ഷം മുമ്പ് എസ്റ്റേറ്റ് വിഭാഗമാണ് ഇടപാട് നടത്തിയത്. ഇത് ഒരാഴ്ചമുമ്പാണ് മുന്‍ എം.ഡി രാജമാണിക്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ക്രമക്കേട് വ്യക്തമായതിനെത്തുടര്‍ന്ന് ഇടപാട് റദ്ദാക്കാനും തുക മടക്കിനല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. പണമടച്ചയാള്‍ തിരികെവാങ്ങാന്‍ തയ്യാറല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കവേ രാജമാണിക്യം പുറത്തായി. തട്ടിപ്പുകാരുടെ സ്വാധീനമായിരുന്നു ഇതിന് കാരണം. നിയമവിരുദ്ധ ഇടപാടാണ് കെഎസ്ആര്‍ടിസിയുടെ എസ്‌റ്റേറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അന്നത്തെ എസ്‌റ്റേറ്റ് ഓഫീസറുടെ ബന്ധുവിനാണ് വസ്തു കൈമാറിയത്.

ഒന്നേമുക്കാല്‍ സെന്റാണ് കൈമാറുന്നതെന്ന് രേഖകളിലുണ്ട്. ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍, സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ വസ്തു കൈമാറാന്‍ കഴിയൂ. പുറമേ വില നിശ്ചയിക്കുന്നതിന് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് റവന്യൂ സഹായവും വേണം. ദീര്‍ഘദൂര ബസുകള്‍ക്ക് പ്രത്യേക ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഈഞ്ചയ്ക്കലില്‍ അഞ്ച് ഏക്കര്‍ കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തത്. എന്നാല്‍, ടെര്‍മിനല്‍ നിര്‍മ്മാണം നടന്നില്ല. പൊതുആവശ്യത്തിന് ഏറ്റെടുത്ത ഭൂമി മുന്‍ ഉടമയ്ക്ക് മാത്രമേ തിരികെനല്‍കാന്‍ വ്യവസ്ഥയുള്ളൂ. അതിന് സര്‍ക്കാര്‍ അനുമതിയും വേണം എന്നാല്‍ സ്ഥാപനത്തിന്റെ വസ്തുവകകള്‍ സംരക്ഷിക്കേണ്ട എസ്റ്റേറ്റ് വിഭാഗം വസ്തു മറിച്ചു വില്‍ക്കുകയായിരുന്നു. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് എസ്‌റ്റേറ്റ് വിഭാഗമാണ്. ഇതിന്റെ മറവിലാണ് രേഖകള്‍ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ പണം സ്വീകരിച്ചത്.

Related posts