ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളെ പിടിച്ചു സ്റ്റേഷനില്‍ കൊണ്ടുപോയി; വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നു ഒരു പെണ്‍കുട്ടി പറഞ്ഞതോടെ ‘സദാചാരപോലീസ്’ വെട്ടിലായി; കോഴിക്കോട് ടൗണ്‍ പോലീസ് പുലിവാല്‍ പിടിച്ചത് ഇങ്ങനെ…

കോഴിക്കോട്: സദാചാരപ്പോലീസ് ആകുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുമ്പോള്‍ യഥാര്‍ഥ പോലീസ് തന്നെ സദാചാരപ്പോലീസ് ചമഞ്ഞാലോ ?.കോഴിക്കോട് ടൗണ്‍ പോലീസാണ് സദാചാരപോലീസ് ചമഞ്ഞ് പുലിവാല്‍ പിടിച്ചത്. ഒടുക്കം വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നു പെണ്‍കുട്ടികള്‍ പറഞ്ഞതോടെ പോലീസ് വെട്ടിലായി. ഒടുവില്‍ കോടതിയിലെത്തിച്ച് തലയൂരാനും ശ്രമം.

ഇന്നലെ വൈകുന്നേരം നാലുമണിമുതല്‍ കോഴിക്കോട് ടൗണ്‍ എസ് ഐ യുടെ നിര്‍ദേശപ്രകാരം വുമണ്‍സ് പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവച്ചിരുന്ന പെണ്‍കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും . പോലീസ് പെണ്‍കുട്ടികളോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ മേല്‍വിലാസം തെറ്റാണെന്നു ബോധ്യമായതിനെത്തുടര്‍ന്ന് ‘അമ്മ വന്നാല്‍ വിട്ടയക്കാം എന്ന നിലപാടിലെത്തുകയായിരുന്നു. പക്ഷെ പെണ്‍കുട്ടി അതിനു തയ്യാറായില്ല തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ ഇപ്പോള്‍ പോലീസ് തിരക്കിട്ട നീക്കം നടത്തുന്നത്. പെണ്‍കുട്ടികള്‍ കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഭക്ഷണം ലഭിക്കുന്നതില്‍ താമസം നേരിട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ ബഹളം കൂട്ടുകയായിരുന്നു. അവിടെയുണ്ടായ വാക്കു തര്‍ക്കത്തെത്തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടികള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞു കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെ വുമണ്‍സ് സ്‌റ്റേഷനില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത് . നാലുമണിമുതല്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പെണ്‍കുട്ടികളെ മജിസ്‌ട്രേറ്റിനു മുമ്പില്‍ കൊണ്ടുപോകാതെയും മെഡിക്കല്‍ എടുക്കാതെയും നിയമവിരുദ്ധവുമായി തടഞ്ഞു വച്ചാണ് പോലീസ് പുലിവാല് പിടിച്ചത്. അടുത്തബന്ധുക്കള്‍ വന്നാല്‍ വിട്ടയയ്ക്കാമെന്ന നിലപാടിലായിരുന്നു എസ്‌ഐ. എന്നാല്‍ അമ്മ വന്നാല്‍ കൂടെ പോകില്ലയെന്ന് ഒരു പെണ്‍കുട്ടി നിര്‍ബന്ധം പിടിച്ചതോടെയാണ് പോലീസ് വെട്ടിലായത്. താന്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും സ്വന്തമായി തീരുമാനം എടുക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും പെണ്‍കുട്ടി കട്ടായം പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കോടതിയിലേക്ക് നീട്ടാന്‍ പോലീസ് തീരുമാനിച്ചത്.

 

 

Related posts