തലശേരി: ബംഗളൂരുവിൽ നിന്നു 35 പവന് സ്വർണാഭരണങ്ങള്‍ കവര്‍ന്ന് കടന്നു കളഞ്ഞ മലയാളി സീരിയല്‍ താരത്തെ കേരള-കര്‍ണാടക പോലീസ് സംയുക്തമായി തലശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് കോഴിക്കോട് സ്വദേശിനിയായ തനൂജ(24)യെ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്, തലകട്ടപുര എസ്ഐ നാഗേഷ്, തലശേരി സിഐയുടെ സ്ക്വാഡിലെ അംഗങ്ങളായ ബിജുലാല്‍, അജയന്, വിനോദ്, സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കവര്‍ച്ചാ മുതലുകള്‍ തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍ നിന്നും പോലീസ് കണ്ടെടുത്തു.
ബംഗളൂരു കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് 35 പവന് സ്വര്‍ണാഭരണങ്ങള്‍ തനൂജ കവര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണാടകയില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരിയുമായ വീട്ടമ്മയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഒരു മാസം കൊണ്ട് തന്നെ വീട്ടുകാരുടെ വിശ്വസ്തയായി മാറിയ തനൂജയെ സെപ്റ്റംബര്‍ 28 മുതല്‍ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തുടര്‍ന്ന് വീട്ടമ്മ തലകട്ടപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും സെപ്റ്റബര്‍ 30 ന് തലകട്ടപുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തി വരികയുമായിരുന്നു. ജോലിക്ക് നിന്ന വീട്ടില്‍ വ്യാജ വിലാസവും ഫോണ്‍ നമ്പറുമാണ് തനൂജ നല്‍കിയിരുന്നത്. എന്നാല്‍ തൊട്ടടുത്ത് താമസിച്ചിരുന്ന യുവാവുമായി തനൂജക്കുണ്ടായിരുന്ന പ്രണയം കണ്ടെത്തിയ കര്‍ണാടക പോലീസ് ഈ യുവാവിലൂടെ തനൂജ കേരളത്തിലുണ്ടന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ കേരള പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് യുവാവിനെ കൊണ്ട് തനൂജയെ വിളിപ്പിച്ചപ്പോള്‍ യുവാവിനോട് വടകരയിലെത്താനാണ് തനൂജ നിര്‍ദ്ദേശം നല്‍കിയത്.
തുടര്‍ന്ന് വടകരയിലെത്തിയ കര്‍ണാടക പോലീസിന് യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്നുളള അന്വേഷണത്തില്‍ തനൂജ തലശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി കണ്ടെത്തി. എന്നാല്‍ യുവതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എറണാകുളമാണ് കാണിച്ചിരുന്നത്. ഇതിനിടയില്‍ യുവതിക്ക് തലശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറുമായി അടുത്ത ബന്ധമുണ്ടെന്ന് തലശേരിയിലെ സിഐ യുടെ സ്ക്വാഡ് കണ്ടെത്തി. ഈ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ യുവതിയുടെ താമസ സ്ഥലം കണ്ടെത്താനായത്.
ഈ വീട്ടില്‍ രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയ പോലീസ് തനൂജ എറണാകുളത്തു നിന്നും പുലര്‍ച്ചെ വീട്ടിലെത്തിയ ഉടനെ പിടികൂടുകയായിരുന്നു. ബംഗളൂരുവിലേക്ക് കൊണ്ടുപോയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയും പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. കവര്‍ച്ചാ മുതലുകള്‍ തലശേരി പിലാക്കൂലിലെ സഹകരണ ബാങ്കിന്റെ ശാഖയില്‍ നിന്നും കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് ലഭിച്ച തുക കൊണ്ടാണ് ഇവര്‍ പുതിയ റോഡില്‍ വീട് വാടകക്കെടുത്തതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനു മുമ്പ് ഇവര്‍ ചേറ്റംകുന്നിലണ് താമസിച്ചിരുന്നത്.