തിരുവനന്തപുരം: താജ്മഹലിനെ താറടിച്ചു പ്രസ്താവനയിറക്കിയ ബിജെപി എംഎൽഎ സംഗീത് സോമിന്റെ നടപടി വിവരക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചു ഒട്ടും ബോധമില്ലിന്നാണ് സംഗീത് സോമിന്റെ അഭിപ്രായം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റ് ആറുമാസത്തിനുള്ളിൽ ടൂറിസം ഭൂപടത്തിൽ നിന്നും താജ്മഹലിനെ ഒഴിവാക്കി ചരിത്രം മാറ്റിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യയുടെ ചരിത്രസ്മാരകത്തെ അവഗണിക്കുന്ന ബിജെപിക്കാർ മാറ്റിനിർത്താൻ ശ്രമിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തെ തന്നെയാണ്. വർഗീയതയുടെ തിമിരം ബാധിച്ചവർ ലോകാത്ഭുതത്തിന് നേരേ തിരിയുന്നത് രാജ്യത്തിനാകെ നാണക്കേട് വിളിച്ചുവരുത്തുകയാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.