മുളങ്കുന്നത്തുകാവ്: സമയത്ത് ഓഫീസിൽ വരികയും പോവുകയും ചെയ്യുന്നുവെന്ന് ഉറുപ്പുവരുത്താൻ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനം അട്ടിമറിക്കാൻ ശ്രമം. വിരലടയാള പഞ്ചിംഗ് സംവിധാനത്തിലുടെ ജീവനക്കാരുടെ ഹാജർനില കൃത്യമായി വിലയിരുത്താൻ സാധിക്കുമെന്നിരിക്കേ ഒരു വിഭാഗം ജീവനക്കാരാണ് ഇതിനു വിലങ്ങുതടിയാകുന്നത്.
മെഡിക്കൽ കോളജിൽ ജോലിക്ക് ഹാജരായി വിരലടയാളം പതിക്കാതിരുന്നാൽ തെളിവ് ഉണ്ടാകില്ലെന്നും ശമ്പളം കിട്ടില്ലെന്നുമുള്ള ബോധ്യമാണ് ഇവരെ വലയ്ക്കുന്നത്. രണ്ടുമാസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പഞ്ചിംഗ് യന്ത്രം സ്ഥാപിച്ചിട്ട്. ഇതു വരെ ഈ സംവിധാനം പ്രവർത്തന സജ്ജമാക്കാൻ ശ്രമിച്ചിട്ടില്ല. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനാണ് സർക്കാർ ശന്പളം വാങ്ങി മുങ്ങി നടക്കുന്നവരെയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെയും നിയന്ത്രിക്കാൻ വേണ്ടി ശന്പള പരിഷ്കരണ നിർദ്ദേശം നൽകിയതും സർക്കാർ ഇത് അംഗികരിച്ചതും.
ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ ഇവ യാഥാർഥ്യമാക്കാൻ കഴിഞ്ഞ വർഷമാണ് ആരോഗ്യ വകുപ്പ് കർശന നടപടികൾ ആരംഭിക്കുകയും ലക്ഷങ്ങൾ ചിലവഴിച്ച് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിൽ പഞ്ചിംഗ് സംവിധനം ഒരുക്കിയത്. മെഡിക്കൽ കോളജിൽ രണ്ടുമാസമായി ഇവ സഥാപിച്ചിട്ട്. ജനുവരിയ്ക്കു ശേഷം ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.
എന്നാൽ ഒരു വിഭാഗം ഡോക്ടർമാരുടെ ശക്തമായ ഇടപെടൽ ആണ് പഞ്ചിംഗ് നീണ്ടുപോകാൻ കാരണമെന്ന് പറയുന്നു. പഞ്ചിംഗ് നടപ്പിലായാൽ ഇതിന്റെ റിസൽറ്റ് അപ്പോൾ തന്നെ ആരോഗ്യ വിദ്യാഭ്യാസ ഡയറകടർക്ക് ലഭിക്കും. മാത്രമല്ല ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ ഓഫീസിലും ഇത് രേഖപ്പെടുത്തും. ജീവനക്കാരുടെ വിവരങ്ങൾ കേരള ആരോഗ്യ വകുപ്പും ഡോക്ടർമാരുടെ വിവരങ്ങൾ ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ ഡൽഹിയിൽ ഇരുന്നും ശേഖരിക്കും.
ഈ സംവിധാനം ഉള്ള സോഫറ്റ് വെയർ ആണ് മെഡിക്കൽ കോളജിലെ പഞ്ചിംഗിൽ ഉൾപെടുത്തിയിട്ടുള്ളത്. തെറ്റായ കാര്യങ്ങൾ ഇതുമൂലം ഇനി സാധിക്കില്ല. ഡോക്ടർമാരുടെ കുറവ് പഞ്ചിംഗിൽ ഉണ്ടായാൽ മെഡിക്കൽ കോളജിന് ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിന്റെ അംഗീകാരം പോലും നഷ്ടപ്പെടും.
മാത്രമല്ല ഒപ്പിട്ടിട്ട് മുങ്ങുന്ന ഡോക്ടർമാരുടെ ശന്പളം നഷ്ടപ്പെടുകയും സ്വകാര്യ പ്രാക്ടീസുകൾ നിലയക്കുകയും ചെയ്യും. ഇപ്പോൾ തന്നെ നിരവധി ഡോകടർമാരാണ് കൃത്യമായി ജോലിക്ക് വരാതെ മുങ്ങിനടക്കുന്നതും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും. ഇതിനെ ഒരു പരിധി വരെ തടയുവാൻ പഞ്ചിംഗിലൂടെ സാധിക്കും. ഇതാണ് ഇത്തരക്കാരെ പഞ്ചിംഗിൽ നിന്നും ഒഴിവാക്കണമെന്നുളള ആവശ്യം ഉയർന്നിട്ടുള്ളത്.