ന്യൂയോര്‍ക്ക്: ”നീ അവിടെ നിന്നേ ഒറിജിനലാണോയെന്ന് ഞാനൊന്നു പരിശോധിക്കട്ടേ” ഹാര്‍വി വെയ്ന്സ്റ്റെയിന് എന്ന ആധുനീക കാസനോവ തന്റെ പീഡനപരമ്പരകള്‍ ആരംഭിച്ചത് ഈ ഡയലോഗോടു കൂടിയായിരുന്നു. ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വിയ്ക്കെതിരേ മൂന്നു ബ്രിട്ടീഷ് നടിമാര്‍ കൂടി പരാതി നല്‍കിയതോടെ ഔദ്യോഗികമായി പരാതി നല്‍കിയവരുടെ എണ്ണം 49 ആയി. എന്നാല്‍ പീഡനത്തിനിരയായവരുടെ ”ഇന്റര്‍നെറ്റ് പട്ടിക” ആയിരം കടന്നു. ഇതോടെ നിര്‍മാതാവിനെതിരേ വിവിധ രാജ്യങ്ങളില്‍ അന്വേഷണം തുടങ്ങി.
അലീസ മിലാനോയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇന്നലെ കൂടുതല്‍ വെളിപ്പെടുത്തല്‍ വന്നത്. ‘നിങ്ങള്‍ ഹാര്‍വിയുടെ പീഡനത്തിനിരയായോ? തുറന്നുപറയാന്‍ മടിയുണ്ടോ? എങ്കില്‍ ”എന്നെയും” എന്ന് പ്രതികരിക്കുക- ഇതായിരുന്നു അലിസയുടെ ട്വീറ്റ്. ഇതിനു ശേഷം ആയിരത്തിലേറെപ്പേരാണു ട്വിറ്ററിലൂടെ പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ഹോളിവുഡിലെ പ്രമുഖതാരങ്ങള്‍ ഹാര്‍വിയുടെ മോശം പെരുമാറ്റത്തിനെതിരേ പരസ്യപ്രതികരണം നടത്തിക്കഴിഞ്ഞു. ഈ മാസം അഞ്ചിന് ജോഡി കാന്റര്‍, മേഗന് ടുവേ എന്നിവര്‍ ചേര്‍ന്നു ന്യൂയോര്‍ക്ക് െടെംസില്‍ എഴുതിയ ലേഖനത്തോടെയാണു വിവാദങ്ങള്‍ക്കു തുടക്കം. ഇതിനു വഴിയിട്ടത് അംബ ബാറ്റിലോണ ഗുട്ടിയറസ് എന്ന ഇറ്റാലിയന്‍ മോഡലും. 2015 മാര്‍ച്ച് 28 നു െവെകിട്ടാണു അംബ(22) പീഡനത്തിനിരയായത്. ദിവസങ്ങള്‍ക്കു മുമ്പാണ് ഹാര്‍വിയെ അവര്‍ പരിചയപ്പെട്ടത്.
മോഡലിംഗില്‍ അവസരം തേടിയെത്തിയ അവരെ ഹാര്‍വി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ചിത്രങ്ങള്‍ പരിശോധിച്ചശേഷം ”യഥാര്‍ഥത്തില്‍ നീ ഇങ്ങനെയാണോ”യെന്ന് പരിശോധിക്കട്ടേയെന്നു പറഞ്ഞാണ് അയാള്‍ പീഡനം തുടങ്ങിയത്. വിവരം അവര്‍ പോലീസിനെ അറിയിച്ചു. പോലീസിനുവേണ്ടി ഹാര്വിയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്തിട്ടും കേസ് ശക്തമായില്ല. അവസാനം ന്യൂയോര്‍ക്ക് െടെംസ് വാര്‍ത്ത പുറത്തുവിട്ടതോടെയാണു ഹോളിവുഡിന്റെ ശ്രദ്ധ കേസില്‍ പതിഞ്ഞത്.
എട്ട് പീഡനക്കേസുകളാണ് ആദ്യം പുറത്തുവന്നത്. താരങ്ങളോരോന്നായി ഹാര്‍വിക്കെതിരേ തിരിഞ്ഞതോടെയാണു കൂടുതല്‍ കേസുകള്‍ പുറത്തുവന്നത്. ന്യൂയോര്‍ക്ക് പോലീസാണു ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചിരുന്നത്. സമ്മതമില്ലാതെ ആരെയും ലൈംഗിക ഉദ്ദേശത്തോടെ ഇതുവരെ സമീപിച്ചിട്ടില്ലെന്നാണു ഹാര്‍വിയുടെ നിലപാട്.ഹോളിവുഡ് നടി ലെനറ്റ് ആന്റണിയുടെ പരാതിയെത്തുടര്‍ന്നു സ്കോട്ട്ലന്‍ഡ് യാര്‍ഡും രംഗത്തെത്തി. 1980ല്‍ ഹാര്‍വി തന്നെ ലണ്ടനില്‍വച്ചു െലെംഗികാതിക്രമത്തിന് ഇരയാക്കിയെന്നു കഴിഞ്ഞദിവസം സണ്‍ഡേ െടെംസിനോടാണു ലെനറ്റ് വെളിപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം ആദ്യ ചിത്രത്തില്‍ പ്രവര്‍ത്തിച്ച പൗള വാലിയാകും(62) പരാതിയുമായി എത്തിയതോടെ അന്വേഷണം 1980 കളിലേക്കും തിരിച്ചുവിടേണ്ടി വരും.
1980 ലെ ഹൊറര്‍ ചിത്രം ”ദ് ബേണിംഗി”ല്‍ പ്രവര്‍ത്തിക്കുമ്പോഴാണു പീഡനത്തിനിരയായതെന്നു പൗള അറിയിച്ചു.കാര ഡെലവി, ജെസിക്ക ബാര്‍ത്ത്, ലിസ കാബെല്, സോഫി ഡിക്സ്, ആലിസ് ഇവാന്‍സ്, ഹീതര്‍ ഗ്രഹാം, ആഞ്ജലീന ജൊലി, ഗിനത്ത് പാള്ട്രേ, ജെസിക്ക െഹെന്സ്, ഇവ ഗ്രീന്‍, ആഷ്ലി ജൂഡ്, കാതറിന് കെന്‍ഡല്‍, എമിലി നെസ്റ്റര്‍, ലിസ റോസ് തുടങ്ങി 49 പേരാണു ഇതുവരെ ഇയാള്‍ക്കെതിരേ രംഗത്തുവന്നത്. ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യാ റായിയെയും കെണിയില്‍ വീഴ്ത്താന്‍ ഇയാള്‍ ശ്രമം നടത്തിയതായി കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. 2004-ലാണ് ഹാര്‍വി ഐശ്വര്യയെ ലക്ഷ്യമിട്ടതെന്ന് അവരുടെ മുന്‍ മാനേജര്‍ അറിയിച്ചു.
ഐശ്വര്യയെ ഒറ്റയ്ക്കു കാണണമെന്ന ആവശ്യം സംശയത്തിനിടയാക്കി എന്നാണ് മാനേജര്‍ പറയുന്നത്. പുസികാറ്റ് ഗേള്‍സ് എന്ന നൃത്തസംഘത്തിലെ അംഗങ്ങളെ അഭിസാരികകളാക്കാന് ഹാര്‍വി പ്രേരിപ്പിച്ചതായി സംഘാംഗമായിരുന്ന കേയാ ജോണ്‍സും മൊഴിനല്‍കി. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സഹോദരന് ബോബ് സ്ഥാപിച്ച സ്റ്റുഡിയോ- പ്രൊഡക്ഷന്‍ കമ്പനിയുടെ അധ്യക്ഷസ്ഥാനത്തുനിന്നു ഹാര്‍വിയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഭാര്യ ജോര്‍ജിയാന വിവാഹമോചനത്തിന് ഒരുങ്ങുകയാണ്.
ഹോളിവുഡിലെ നിര്‍മാതാക്കളില്‍ പ്രമുഖനാണ് അറുപത്തഞ്ചുകാരനായ ഹാര്‍വി. ഇതിനോടകം മുന്നൂറിലേറെ ഓസ്കര് നോമിനേഷനുകള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രൊഡക്ഷനുകളില്‍ പലതും ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയവയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയില്‍ വീശിയടിച്ച ഹാര്‍വി ചുഴലിക്കാറ്റിനോടാണു ഹോളിവുഡ് മാധ്യമപ്രവര്‍ത്തകര്‍ വിവാദത്തെ താരതമ്യം ചെയ്യുന്നത്. അമേരിക്കയില്‍ നാശംവിതച്ച കൊടുങ്കാറ്റില്‍ 77 പേരാണു കൊല്ലപ്പെട്ടത്. ഹാര്‍വിയുടെ കേസ് ഒരു തുടക്കമാണെന്നും ഇതിനുപിന്നാലെ ഇത്തരക്കാരായ നിരവധിപേര്‍ കുടുങ്ങുമെന്നുമാണ് പൊതു വിലയിരുത്തല്‍.