എടപ്പാള്‍: മണ്ണും മനുഷ്യനും തമ്മിലുളള ബന്ധത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി കുറ്റിക്കാട് വാവുവാണിഭം നൂറ്റാണ്ടിന്റെ സാക്ഷ്യമാകുന്നു. സാധനങ്ങള്‍ പരസ്പരം കൈമാറി വിനിമയം നടന്നിരുന്ന ബാർട്ടര്‍ സമ്പ്രദായ കാലം മുതല്‍ തുടങ്ങിയ കുറ്റിക്കാട് വാവുവാണിഭം ഇന്നും സജീവതയോടെ പൊന്നാനിയുടെ തെരുവീഥിയില്‍ നടക്കുന്നു. ദീപാവലിയോടനുബന്ധിച്ച മൂന്ന് ദിവസങ്ങളില്‍ പൊന്നാനി നഗരസഭയിലെ ചന്തപ്പടി മുതല്‍ എ.വി.ഹൈസ്കൂള്‍ വരെയുളള ഭാഗത്തെ പാതയോരമാണ് വാവുവാണിഭത്തിന്റെ വേദി.
വിളയിച്ച ഉത്പന്നങ്ങളാണ് ഇവിടെ കച്ചവട ചരക്കുകളായെത്തുക. കിഴങ്ങ് വര്‍ഗത്തില്‍പ്പെട്ട പിടിക്കിഴങ്ങ്, മധുര കിഴങ്ങ്, ചക്കരക്കിഴങ്ങ്, കാവത്ത് എന്നിവയാണ് ആകര്‍ഷക ഇനങ്ങള്‍. കൂടാതെ കുവ്വ, കൂര്‍ക്ക, നെല്ലിക്ക, കരിമ്പ് എന്നിവയും പ്രത്യേക ഇനങ്ങളായി വാവ് വാണിഭത്തിനെത്തും. വിവിധ തരത്തിലുളള മണ് പാത്രങ്ങള്‍, ഉലക്ക, വാഴക്കന്ന്, സ്വന്തമായി ഉത്പാദിപ്പിച്ച വിത്തുകള്‍ എന്നിവയും വില്‍പ്പനക്കെത്തും.
ഉത്പന്നങ്ങള്‍ക്കായി വാവുവാണിഭം വരെ കാത്തിരിക്കുന്നവര്‍ ഏറെയാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുളള കര്‍ഷകരും, കച്ചവടക്കാരുമാണ് വാവുവാണിഭത്തിനായി പൊന്നാനിയിലെത്തുന്നവരില് ഏറെയും. വീട്ട് വളപ്പിലും, കൃഷിയിടങ്ങളിലും വിളയിച്ചെടുത്ത ഉത്പന്നങ്ങളാണ് കച്ചവടത്തിനായി കൊണ്ടുവരുന്നത്.
പാരമ്പര്യമായി വാവുവാണിഭത്തിനെത്തുന്നവരാണ് കച്ചവടക്കാരില്‍ ഏറെയും. ആണ്ടിലൊരിക്കല്‍ നടക്കുന്ന കുറ്റിക്കാട്ടിലെ നാട്ടുചന്തയ്ക്ക് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. കുറ്റിക്കാട് ക്ഷേത്രത്തോട് ചേര്‍ന്ന വാണിഭക്കളത്തിലായിരുന്നു വാവുവാണിഭം ആദ്യകാലത്ത് നടന്നിരുന്നത്. ഭാരതപ്പുഴയില്‍ വാവ് ബലിക്കെത്തുന്നവരായിരുന്നു വാണിഭക്കളത്തിലെ ഉപഭോക്താക്കള്‍.
സ്വന്തമായി ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ ആവശ്യാനുസരണം കൈമാറ്റം ചെയ്യുന്ന രീതിയാണ് ആദ്യകാലത്ത് നിലനിന്നിരുന്നത്. വാവുബലി കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ രണ്ടോ മൂന്നോ മാസത്തേക്കുളള ഭക്ഷണ സാധനങ്ങള്‍ വാങ്ങുമായിരുന്നു. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ വാണിഭക്കളത്തിലെ നാട്ടുചന്ത പാതയോരത്തേക്ക് മാറുകയായിരുന്നു.
പ്രത്യേക സംഘടക സമിതികളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ തന്നെ ദീപാവലിയോടനുബന്ധിച്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നായി പൊന്നാനിയിലെത്തുന്നവര്‍ പാരമ്പര്യരീതിയില്‍ കച്ചവടം നടത്തി തിരിച്ചു പോകുന്ന രീതിയാണ് തുടര്‍ന്നുവരുന്നത്. വാവു വാണിഭത്തിന് പ്രദേശത്തെ സ്ഥിരം കച്ചവടക്കാര്‍ സൗകര്യമൊരുക്കുന്നതിനാല്‍ കാലങ്ങള്‍ പിന്നിട്ടിട്ടും തനിമ വിടാതെ പൊന്നാനിയുടെ സ്വന്തം നാട്ടുചന്ത ഇപ്പോഴും സജീവമായി തുടരുന്നു.