മലയാള സിനിമയില്‍ ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുപോയ ഒരു വ്യക്തിയാണ് നടന് ദിലീപ്. വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവും പിന്നീട് നടിയെ ആക്രമിച്ച കേസും, ജയില്‍വാസവും, ജാമ്യവുമൊക്കെയായി ഒരു സാധാരണക്കാരന് താങ്ങാവുന്നതിലേറെ വിവാദങ്ങളും അപവാദങ്ങളും അദ്ദേഹത്തെ തേടിയെത്തി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് ദിലീപ് നായകനായി എത്തിയ രാമലീല എന്ന സിനിമ റിലീസായതും അത് വന്‍ വിജയമായതുമെല്ലാം വാര്‍ത്തയായിരുന്നു. ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ഷൂട്ടിംഗ് ദിലീപ് പുനരാരംഭിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഉടന്‍ റിലീസിനെത്തുന്ന തന്റെ സിനിമയില്‍ ദിലീപ് എത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തികൊണ്ട് യുവസംവിധായകനും നിര്‍മ്മാതാവുമായ അശോക് നായര്‍ രംഗത്തെത്തിയിരിക്കുന്നു. സവാരി എന്ന തന്റെ ചിത്രത്തില്‍ ദിലീപ് അഭിനയിക്കാന്‍ തയാറായ സാഹചര്യത്തെക്കുറിച്ച് യുവ സംവിധായകന് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ…
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
കഴിഞ്ഞ 10 വര്‍ഷം മുന്‍പ്, 2007 കാലഘട്ടത്തിലാണ് ഞാന്‍ എല്ലാ ചെറുപ്പക്കാരെയും പോലെ ഒരുപാട് സിനിമ സ്വപ്നങ്ങളുമായി സിനിമ ഇന്ഡസ്ട്രിയിലേക്ക് കാല് വെച്ചത്. 2007 -ല്‍ നിഴല്‍ എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് സിനിമ ഇന്ഡസ്ട്രിയിലേക്ക് വന്നത്. അഭിനയം ആയിരുന്നു മനസ്സിലെ ആഗ്രഹം. അതുകൊണ്ടു തന്നെ സ്വന്തമായി നിര്‍മിച്ച സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അതിനുശേഷം ഇങ്ങോട്ടുള്ള 10 വര്‍ഷത്തെ കാലയളവില്‍ ഞാന്‍ 5 സിനിമകള്‍ നിര്‍മ്മിക്കുകയും 10 -ഓളം സിനിമകളില്‍ അഭിനയിക്കുകയും രണ്ടുമൂന്നു സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. ഇതില്‍ അവസാനം ആയി എത്തിനില്‍ക്കുന്നത് ഞാന്‍ കഥ എഴുതി സംവിധാനവും നിര്‍മ്മാണവും ചെയ്ത ”’സവാരി” എന്ന സിനിമയാണ്.
ഇതില്‍ ശ്രീ. സുരാജ് വെഞ്ഞാറമൂട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെയേറെ പ്രതീക്ഷയോടെ ഞങ്ങള്‍ ടീം മെംബേര്‍സ് എല്ലാം നോക്കിക്കാണുന്ന ഒരു സിനിമയാണ് ”സവാരി”. ആ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അതിലെ കഥയെ ആസ്പദമാക്കി അതിന്റെ ക്ലൈമാക്സില്‍ വളരെ പ്രധാനപ്പെട്ട ഒരാള്‍ എത്തേണ്ടത് അത്യാവശ്യമായിട്ടുണ്ട്. 10 വര്‍ഷത്തെ സിനിമ ബന്ധത്തില്‍ എനിക്ക് ( മമ്മൂട്ടി, മോഹന്‍ലാല്‍ റേഞ്ചില്‍ അല്ല) ഒട്ടുമിക്ക നടന് നടി എന്നിവരുമായി നേരില്‍ കാണാനും ഫോണില്‍ സംസാരിക്കാനും ഉള്ള അടുപ്പം ഉണ്ട്.
ഇതില്‍ മമ്മൂക്കയോടൊപ്പം 2 സിനിമയില്‍ അഭിനയിച്ചു, അവസാനം സൈലന്‍സ് എന്ന ചിത്രത്തില്‍ ആണ് അഭിനയിച്ചത്. ലാലേട്ടനോടൊപ്പം ഇതുവരെ സാധിച്ചിട്ടില്ല. 10 വര്‍ഷത്തെ സിനിമ ബന്ധത്തില്‍ എല്ലാവരോടും നല്ല ബന്ധം കാത്തുസൂക്ഷിക്കുവാന്‍ എനിക്ക് കഴിഞിട്ടുണ്ട് എന്നാണ് വിശ്വാസം. എന്റെ സ്വപ്ന സിനിമ സവാരിയുടെ ക്ലൈമാക്സില്‍ അതിഥി ആയി ഒരു നല്ല റേഞ്ച് ഉള്ള നടന് വേണമായിരുന്നു. അത്രയേറെ പ്രാധാന്യം ഉള്ള ഒരു കഥാപാത്രം ആയിരുന്നു അത്. പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയുന്ന ഒരു 10 പേരെടുത്താല്‍ അതില്‍ മൂന്നോ നാലോ നടന്മാരെ പലതവണ ഞാന്‍ പോയി കണ്ടു കഥ പറഞ്ഞു. അതിലൊരു നടന് വരാം എന്ന് പറഞ്ഞ് തലേന്ന് ഫോണ്‍ എടുക്കാതായി ..
മറ്റുള്ളവര്‍ തങ്ങളുടെ ഇമേജ്, തങ്ങള്‍ നില്ക്കുന്ന റേഞ്ച് , തുടങ്ങി കുറെ മുടന്തന്‍ കാരണങ്ങള്‍ പറഞ്ഞ് കൊണ്ടും ഒരു അഥിതി താരമായി വരാന്‍ അവര്‍ ആരും തയ്യാറായില്ല. ഒരു സാധാരണ മനുഷ്യനെ പോലെ ഞാനും ചിന്തിച്ചു. ടിവി ചാനല്‍ ഇന്റര്‍വ്യൂവില്‍ എല്ലാം എത്ര ഭംഗി ആയിട്ടാണ് ഇവര്‍ പലതും പറയുന്നത്. എല്ലാവരും വളരെ വിശാല മനസ്കരും സഹജീവികളോട് കരുണ കാണിച്ചു സഹകരിക്കുന്നവര്‍ എന്നൊക്കെയാണ് അത് കാണുമ്പോള്‍ നമ്മള് ചിന്തിച്ചിരുന്നത്. എല്ലാം വെറും അഭിനയം തന്നെ. ഇത്രയൊക്കെ സിനിമ ചെയ്ത എനിക്കുപോലും ഇവരുടെ അടുത്ത് ഒന്ന് എത്തിപ്പെടാന്‍പ്പെട്ട പാട് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ഇവരുടെയൊക്കെ സംസാരം കേള്‍ക്കുമ്പോള്‍ ഇത്രയ്ക്കു നല്ല മനസ്സുള്ളവരാണോ ഇവരെല്ലാം എന്ന് ചിന്തിച്ചുപോകും.
ഇങ്ങനെ മാനസികമായി വല്ലാത്ത വിഷമത്തില്‍ ഇരിക്കുന്ന അവസരത്തില്‍, എന്റെ പ്രശ്നങ്ങള്‍ ഞാന്‍ പ്രശസ്ത നിര്‍മ്മാതാവായ രഞ്ജിത്തേട്ടന്റെ അടുത്ത് പറഞ്ഞിരുന്നു. എന്റെ വിഷമം ദിലീപേട്ടനെ കണ്ടപ്പോള്‍ രഞ്ജിത്തേട്ടന് അദ്ദേഹത്തോട് പറഞ്ഞ മാത്രയില്‍ തന്നെ എന്നോട് ദിലീപേട്ടനെ ഒന്ന് വിളിക്കു എന്ന് രഞ്ജിത്തേട്ടനോട് പറയുകയും ചെയ്തു. അന്ന് കേസും പ്രശ്നങ്ങളും ഒന്നും ഇല്ലാതെ തന്റെ സിനിമ തിരക്കുകളുമായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയായിരുന്നു ദിലീപേട്ടന്. വേഗത്തില്‍ തന്നെ ഞാന്‍ ദിലീപേട്ടനെ വിളിക്കുകയും ചെയ്തു. അങ്ങനെ ദിലീപേട്ടനെ ഞാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയി കാണുകയും അദ്ദേഹം കഥ മുഴുവന്‍ പറയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ക്ലൈമാക്സ് മുഴുവനും വിവരിച്ചു പറഞ്ഞപ്പോള്‍ ഒരിക്കല്‍ പോലും ഞാന്‍ ചിന്തിക്കാത്ത പ്രവര്‍ത്തിയാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത് .
ഒരിക്കലും ഒരു ഒഴിവു കഴിവു പോലും പറയാതെ എന്റെ തോളില്‍ തട്ടി അദ്ദേഹം മനസ്സില്‍ തൊട്ടുതന്നെ പറഞ്ഞു ”ഇത്തരം നല്ല കഥകള്‍ വേണം സിനിമയ്ക്ക്. സമൂഹത്തിനു മുന്നില്‍ ഇതുപോലെ ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സിനിമ തന്നെയാണെന്നും
സമൂഹം ശ്രദ്ധിക്കേണ്ട, അറിയേണ്ട ഒരു വിഷയം ആണ് ഈ സിനിമയില്‍ ഉള്ളത് എന്നും അതുകൊണ്ടു നമുക്കിത് ചെയ്യണം, ഞാന്‍ അത് ചെയ്യാം എന്ന് ദിലീപേട്ടന് വളരെ സന്തോഷത്തോടെ പറഞ്ഞു. ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല അദ്ദേഹം ഒരു അഥിതി താരം ആയി എന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാകും എന്ന്. പ്രത്യേകിച്ചും ഒരു പുതുമുഖ സംവിധായകനായ എന്റെ സിനിമയില്‍ .കാരണം തൊട്ടു താഴെ നില്ക്കുന്ന നടന്മാര് പോലും തങ്ങളുടെ ഇമേജിനു കോട്ടം തട്ടും എന്ന് കരുതി ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.
കുറെയേറെ തിരക്കുകള്‍ കാരണം ആറുമാസക്കാലം അദ്ദേഹം തിരക്കില്‍ ആയിപോയി, എങ്കിലും ഇടയ്ക്കിടെ അദ്ദേഹം എന്നെ ഓര്‍ക്കുകയും നമുക്ക് ചെയ്യാം എന്ന് പറയുകയും ചെയ്തിരുന്നു. പലപ്പോഴും പല ലൊക്കേഷനിലും ഞാന്‍ അദ്ദേഹത്തെ കണ്ടു, അപ്പോഴൊക്കെ തിരക്കിനിടയിലും ഓടിവരികയും എന്നോട് സ്നേഹത്തോടെ വേഗം തന്നെ നമുക്കതു ചെയാം എന്നും സുഖവിവരങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. എന്റെ ഷൂട്ടിങ്ങ് വൈകുന്തോറും സിനിമയിലെ സുഹൃത്തുക്കള്‍ തന്നെ ദിലീപൊന്നും വരില്ല ,നീ വേറെ ആളെ നോക്കിക്കോ എന്ന് വരെ പറഞ്ഞപ്പോഴും എനിക്ക് അദ്ദേഹത്തെ വിശ്വാസമായിരുന്നു.
അങ്ങനെ മറ്റൊരു സിനിമയ്ക്ക് ഇടയില്‍ എന്റെ സിനിമയ്ക്കു വേണ്ടി അദ്ദേഹം സമയം കണ്ടെത്തുകയും രാത്രി വളരെ ഏറെ വൈകി എങ്കിലും അത് ഭംഗിയായി ഷൂട്ട് ചെയ്തു അവസാനിപ്പിക്കാന്‍ സഹകരിക്കുകയും ചെയ്തു.. സമൂഹ നന്മ പ്രതിപാദിക്കുന്ന ആ വിഷയത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം വളരെ തിരക്കിലും സമയം കണ്ടെത്തി സഹകരിച്ചത് എന്റെ മരണം വരെ നിറഞ്ഞ മനസ്സോടെ, നന്ദിയോടെ മാത്രമേ എനിക്ക് ഓര്‍ക്കാന്‍ കഴിയു.
എന്ത്കൊണ്ട് ഇത് ഇത്രയും ദിവസം പറഞ്ഞില്ല എന്ന് പലരും ചോദിച്ചു, അദ്ദേഹത്തെ വച്ച് അഭിനയിപ്പിച്ചതുകൊണ്ടു എന്റെ സിനിമ റിലീസിങ്ങിന് തടസം ആകും എന്നുള്ള ഭയം എന്നൊക്കെ പറഞ്ഞ് സെന്റിമെന്‍സിന് വേണ്ടി ഇത്തരം പോസ്റ്റ് ഇടാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഇത്രയും നന്മ ഉള്ള ആളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല, ഞാന്‍ അനുഭവിച്ചതാണ് ആ മനസ്സിലെ നന്മ .. അത് വൈകുന്നേരം 8 മണിക്ക് ചാനലില്‍ വന്നിരുന്ന് ഘോര ഘോരീ പ്രസംഗിക്കുന്ന കപട സദാചാര വാദികള്‍ വിചാരിച്ചാല്‍ മായുന്നതല്ല .. അദ്ദേഹം അനുഭവിക്കുന്ന വിഷമം താല്‍ക്കാലികമാകട്ടെ എന്നും, മനസ്സില്‍ നന്മ ഉള്ള അദ്ദേഹത്തിന് ദൈവം തുണയാവുമെന്നും ഞാന്‍ വിശ്വസിക്കുന്നു. എല്ലാം ശുഭപര്യവസാനിക്കും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഏതു ഘട്ടത്തിലും എന്റെയും ഞങ്ങളുടെ ടീമിന്റെയും പ്രാര്‍ത്ഥന അദ്ദേഹത്തിന് എന്നും ഉണ്ടാകും. എന്റെ മരണം വരെ അദ്ദേഹത്തോടുള്ള നന്ദിയും സ്നേഹവും എന്നില്‍ ഉണ്ടാകും.