നെടുങ്കണ്ടം: ഒന്നര വയസുകാരന്റെ ജീവനുമായി ആംബുലൻസ് ഡ്രൈവർ പാഞ്ഞത് ഒന്നര മണിക്കൂർകൊണ്ട് 145 കിലോമീറ്റർ. പ്രസാദ് എന്ന ഡ്രൈവർ നടത്തിയ ജീവൻദൗത്യം ഹൈറേഞ്ചിലെ ആദ്യ സംഭവമായി. ഫിക്സ് (കോട്ടം) ബാധിച്ച് ഗുരുതരാവസ്ഥയിലായ രാമക്കൽമേട് ചെറുകോപ്പതാലിൽ അഷറഫിന്റെയും അജനയുടെയും മകൻ ഫർഹാനെയാണ് ജീവൻ പണയംവച്ച് പ്രസാദ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ നില ഗുരുതരമായതിനെതുടർന്ന് കട്ടപ്പന സെന്റ് ജോണ്സ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസകോശത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനം ദുർബലമായതോടെ രണ്ടുമണിക്കൂറിനുള്ളിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ഐസിയു ആംബുലൻസാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ ഐസിയു ആംബുലൻസ് എത്തിക്കുവാനുള്ള താമസം കുട്ടിയുടെ ജീവൻ അപകടത്തിലാക്കും എന്നതിനാൽ കോട്ടയത്ത് എത്തിക്കുവാനുള്ള ദൗത്യവും പ്രസാദ് ഏറ്റെടുക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.10-ന് കട്ടപ്പനയിൽനിന്നും പുറപ്പെട്ട ആംബുലൻസ് 2.40-ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. സാധാരണയായി മൂന്നുമണിക്കൂറിൽ അധികം സമയം വേണ്ടിവരുന്നിടത്താണ് എസ്കോർട്ടോ പോലീസ് സഹായമോ ഇല്ലാതെ ഒന്നര മണിക്കൂർ കൊണ്ട് കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരായ ടിൻസ്, ബ്ലസി, ഷാജി എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. കൃത്യസമയത്ത് എത്തിയതിനാൽ കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭിച്ചു. ഐസിയുവിൽ ആയിരുന്ന ഫർഹാനെ വാർഡിലേക്ക് മാറ്റി. കുട്ടി ആഹാരവും മറ്റും കഴിച്ചുതുടങ്ങിയിട്ടുണ്ട്.
30 വർഷത്തോളമായി ഡ്രൈവർ ജോലി ചെയ്യുന്ന ആശാരികണ്ടം പാലയ്ക്കൽ പ്രസാദ് കഴിഞ്ഞ രണ്ടുവർഷമായി നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹിൽസിന്റെ ആംബുലൻസ് ഡ്രൈവറാണ്. ഗുരുതരാവസ്ഥയിലായ നിരവധി രോഗികളെ വിവിധ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഫർഹാനുവേണ്ടിയുള്ള യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് പ്രസാദ് പറയുന്നു.