ചില്ലറക്കാരനല്ല ഈ മുണ്ടിയെരുമക്കാരന്‍. എറിഞ്ഞുവീഴ്ത്തിയത് ഹരിയാനയുടെ ആറു വിക്കറ്റുകള്‍. ആനന്ദ് ജോസഫ് എന്ന മുണ്ടിയെരുമക്കാരനാണ് സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനുവേണ്ടി 28 റണ്‍സ് മാത്രം വഴങ്ങി ഹരിയാനയുടെ ആറു വിക്കറ്റുകള്‍ പിഴുത് ദേശിയശ്രദ്ധ ആകര്‍ഷിച്ചത്.
ചണ്ഡിഗഡില്‍ നടക്കുന്ന അണ്ടര്‍-23 സി.കെ. നായിഡു ടൂര്‍ണമെന്റില്‍ ആനന്ദ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ദിവസം 40 ഓവറില്‍ വെറും 90 റണ്‍സിന് ഹരിയാനയെ കേരളം ചുരുട്ടികൂട്ടിയപ്പോള്‍ താണ്ഡവത്തിന് നേതൃത്വം വഹിച്ചത് ആനന്ദിന്റെ തീപാറുന്ന ബോളുകളായിരുന്നു. 12 ഓവറുകളിലായി വെറും 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹരിയാനയുടെ ആറു വിക്കറ്റുകള്‍ ഈ ഹൈറേഞ്ചുകാരന്‍ സ്വന്തം പോക്കറ്റിലാക്കിയത്.
ആനന്ദിന്റെ ബോളുകള്‍ക്ക് മറുപടിയില്ലാത്ത അവസ്ഥയിലായിരുന്നു ഹരിയാന. ഫാസ്റ്റ് ബൗളറായ ആനന്ദിന്റെ പ്രകടനങ്ങളും ആക്ഷനും ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയ ടീമിന്റെ വാതില്‍ ഉടന്‍തന്നെ ഈ പ്രതിഭയ്ക്കുമുന്‍പില്‍ തുറക്കുമെന്നാണ് പ്രതീക്ഷ. 22 വയസുകാരനായ ആനന്ദ് 14 വയസുമുതല്‍ കേരളാ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. അണ്ടര്‍ 14, 16, 19 കാറ്റഗറികളില്‍ കേരളത്തിന്റെ കുപ്പായമണിഞ്ഞ ഈ പ്രതിഭ കഴിഞ്ഞ മൂന്നുവര്‍ഷമായി അണ്ടര്‍ 23 ടീം അംഗമാണ്.
കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ആനന്ദ് ഇവിടത്തെ ഗ്രൗണ്ടിലാണ് കളിച്ചുവളര്‍ന്നത്. ഒഴിവുസമയങ്ങളില്‍ ആനന്ദും സഹോദരന്‍ സില്‍സും സ്‌കൂള്‍ ഗ്രൗണ്ടിലിറങ്ങും. അന്ന് ഒപ്പം കളിച്ചിരുന്ന ചേട്ടന്‍മാരൊക്കെയാണ് ക്രിക്കറ്റിലെ ആദ്യ ഗുരുനാഥന്‍മാര്‍. എട്ടാംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാവിയുടെ താരങ്ങളെ കണ്ടെത്താന്‍ ഒരുക്കിയ പദ്ധതിയുടെ ഭാഗമായാണ് ആനന്ദ് പരിശീലകരുടെ ശ്രദ്ധയില്‍ എത്തുന്നത്. കട്ടപ്പനയില്‍ നടന്ന കളരിയിലൂടെ ആനന്ദും തെരഞ്ഞെടുക്കപെട്ടു. കട്ടപ്പന സ്വദേശിയായ സെലോണ്‍ എന്നയാളാണ് ആനന്ദിന്റെ ക്രിക്കറ്റ് ഭാവി ആദ്യമായി തിരിച്ചറിഞ്ഞതും പരിശീലനത്തിനയ്ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചതും.
പരിശീലനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപെട്ട 300 കുട്ടികളില്‍ ഒരാളായിരുന്ന ആനന്ദിനെ പിന്നീട് മികച്ച പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അണ്ടര്‍ 14 ക്രിക്കറ്റ് ടീമില്‍ ഇടംനേടുകയും ചെയ്തു. പരിശീലന സൗകര്യാര്‍ഥം പിന്നീട് വിദ്യാഭ്യാസം പാല, മാന്നാനം തുടങ്ങിയ സ്‌കൂളുകളിലേക്ക് മാറ്റി. ഇപ്പോള്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊടുപുഴയിലാണ് പരിശീലനം. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ടി.സി. മാത്യുവിന്റെയും ബി. വിനോദിന്റെയുമൊക്കെ അകമഴിഞ്ഞ പ്രോത്സാഹനവും ഈ പ്രതിഭയ്ക്കുണ്ട്.
കേരളത്തിന്റെ സീനിയര്‍ ടീമില്‍ ഇടംനേടുന്നതിനൊപ്പം രാജ്യത്തിനായി ആനന്ദ് നേട്ടങ്ങള്‍ കൊയ്യുന്നത് വിദൂരമല്ല എന്നാണ് പരിശീലകരുടേയും അഭിപ്രായം. മുണ്ടിയെരുമ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു, തങ്ങളുടെ നാടിന്റെ സ്വന്തം താരം രാജ്യത്തിനായി എതിരാളികളെ എറിഞ്ഞുവീഴ്ത്തുന്ന നിമിഷങ്ങള്‍. മുണ്ടിയെരുമ കൈതാരം സോണി ജോസഫ് – ആന്‍സി ദന്പതികളുടെ ഇളയമകനാണ് ആനന്ദ്. ജേഷ്ഠന്‍ സില്‍സ് അധ്യാപകനാണ്.