തൃശൂർ: സംസ്ഥാനത്തെ ലോട്ടറി ചൂതാട്ടം നിയന്ത്രിക്കാനും അംഗീകൃത ലോട്ടറി വില്പനക്കാരെ തിരിച്ചറിയാനും ലോട്ടറി വില്പനക്കാർക്കായി സർക്കാർ യൂണിഫോം ഏർപ്പെടുത്തി. ലോട്ടറി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള 50,000 ലോട്ടറി വില്പനക്കാർക്കാണ് യൂണിഫോം സന്പ്രദായം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാന ലോട്ടറി സുവർണജൂബിലി ആഘോഷത്തിൽ മന്ത്രി തോമസ് ഐസക് നിർവഹിച്ചു. മെറൂണ്‍ നിറത്തിലുള്ള ഓവർകോട്ടാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ തയാറാക്കിയിരിക്കുന്നത്. യൂണിഫോമിനു പുറത്ത് ലോട്ടറി വകുപ്പിന്റെ പരസ്യവും ഉണ്ടായിരിക്കും.
യൂണിഫോം ഏർപ്പെടുന്നതിനോട് ഏജന്റുമാർക്കും വില്പനക്കാർക്കും അനുകൂല സമീപനമാണ് ഉള്ളത്. ആദ്യഘട്ടത്തിൽ അംഗീകൃത ഏജന്റുമാർക്ക് യൂണിഫോം നൽകും. ഏജന്റുമാരും വില്പനക്കാരും തമ്മിലുള്ള ഐക്യം വളർത്തുന്നതിനും മത്സരം ഒഴിവാക്കുന്നതിനും യൂണിഫോം സഹായിക്കുമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു.