വിക്രം നായകനായി അഭിനയിച്ച അന്യൻ എന്ന സിനിമയിലെ നായിക സദ എല്ലാവരുടെയും പ്രിയങ്കരിയായ നടിയായിരുന്നു. അന്യനു ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും നടി അത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്നാൽ നടി എല്ലാവരെയും ഞെട്ടിക്കാനുള്ള തയാറെടുപ്പിലാണെന്നു പുതിയ റിപ്പോർട്ടുകൾ.
തെന്നിന്ത്യയിൽ നിന്നു ബോളിവുഡിലെത്തി ഗ്ലാമർ വേഷം ചെയ്ത ലക്ഷ്മി റായിയെപ്പോലെ ലൈംഗിക തൊഴിലാളിയുടെ വേഷത്തിൽ സദ അഭിനയിക്കാൻ പോവുന്നു എന്നതാണ് വാർത്തകൾ. അബ്ദുൽ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സദ ശക്തമായ കഥാപാത്രവുമായി എത്തുന്നത്. തെന്നിന്ത്യൻ സുന്ദരിയായ സദ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ വളരെ കുറച്ച് മാത്രമെ നടിയെ തേടി എത്തിയിരുന്നുള്ളു. എന്നാൽ ശക്തമായ കഥാപാത്രത്തിലൂടെ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് സദ ഇപ്പോൾ. ലൈംഗിക തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കി നിർമിച്ച മറ്റു സിനിമകളിൽ നിന്നു തികച്ചും വ്യത്യസ്തമായിരിക്കും തന്റെ സിനിമയെന്നു സംവിധായകൻ പറയുന്നു.
ടോർച്ച്ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ രാത്രിയിൽ റോഡിലിറങ്ങി ഇടപാടുകാരെ കാത്തിരിക്കുന്ന സ്ത്രീകളുടെ കഥ അല്ല. സിനിമയ്ക്കു വേണ്ടി സംവിധായകൻ ലൈംഗിക തൊഴിലാളികളെ നേരിട്ട് കാണുകയും അവരുടെ കഥകൾ കേട്ട് സിനിമയ്ക്ക് തിരക്കഥ ഒരുക്കുകയുമായിരുന്നു. പരിതാപകരമായ ജീവിതമാണ് പലരുടെയും. കുടുംബം പുലർത്താൻ മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് പലരും ഈ തൊഴിലിലേക്ക് എത്തിയതെന്നാണ് സംവിധായകൻ പറയുന്നത്. സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി പല നടിമാരെ തേടി നടന്നിരുന്നെങ്കിലും ആരും കഥാപാത്രത്തെ ഏറ്റെടുത്തിരുന്നില്ല.
എന്നാൽ സദയ്ക്ക് കഥ വളരെ ഇഷ്ടപ്പെടുകയും സിനിമ ഏറ്റെടുക്കുകയുമായിരുന്നു. സദയ്ക്കൊപ്പം കൃതികയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ് എന്നിവർക്കൊപ്പം സംവിധായകൻ വെങ്കിടേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.