നാദാപുരം: ജിഷ്ണു പ്രണോയ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് സി.പി.ഉദയഭാനുവിനെ മാറ്റാനുള്ള സർക്കാർ നീക്കം കുടുംബത്തെ ആശങ്കയിലാഴ്ത്തി. പാന്പാടി നെഹ്റു എൻജിനീയറിംഗ് കോളജിൽ 2017 ജനുവരി ആറിനാണ് കോളജ് ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടക്കത്തിൽ തന്നെ കേസ് അട്ടിമറിക്കാൻ വിവിധ കോണുകളിൽനിന്ന് ശ്രമങ്ങൾ നടന്നിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ തന്നെ സംശയത്തിന്റെ മുൾമുനയിലായപ്പോൾ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഉദയഭാനുവിനെ സർക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചത്.ഇതോടെ കുടുംബം ഏറെ പ്രതീക്ഷയിലായിരുന്നു.
കേസിന്റെ നിർണായക വിവരങ്ങളും മറ്റും കൈകാര്യം ചെയ്ത ഇദ്ദേഹത്തിന് തുടർന്ന് കേസ് വാദിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായത് .
അടുത്ത ആഴ്ച സുപ്രീം കോടതി കേസ് ,പരിഗണിക്കാനിരിക്കെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പോലീസ് കുടുംബത്തെ ധരിപ്പിച്ചിട്ടുണ്ട്. ചാലക്കുടി രാജീവ് വധക്കേസിൽ ഉദയഭാനു പ്രതിയായതിനാലാണ് സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റാൻ പോലീസ് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മറ്റൊരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി സർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. ആരെ ശുപാർശ ചെയ്യണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
നാലുപേർ പരിഗണനയിലുണ്ടെങ്കിലും അവരുടെ കൂടി അഭിപ്രായങ്ങൾ അറിഞ്ഞ് കൊണ്ട് സർക്കാറിന് മുന്നിൽ പേര് നിർദേശിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഉൾപ്പെടെ കുടുംബം നിവേദനം നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറണമെന്ന ഉത്തരവ് ഇറക്കിയെങ്കിലും സിബിഐ ഇതുവരെ കേസ് ഏറ്റെടുക്കാൻ തയാറായിട്ടില്ല. ഇത് സംബന്ധിച്ച് നിലപാടറിയിക്കാൻ സുപ്രീം കോടതി സിബിഐക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.എന്നാൽ മാസം മൂന്ന് കഴിഞ്ഞിട്ടും സിബിഐ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകൻ പറഞ്ഞു.