അമേരിക്കയും ഉത്തരകൊറിയയും പരസ്പരം മത്സരിച്ച് യുദ്ധഭീഷണി മുഴക്കുന്നതിനാല്‍ മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതിയിലാണ് ലോകം മുഴുവന്‍. അമേരിക്കയെ നിലംപരിശാക്കുമെന്ന് ഉത്തരകൊറിയ ആവര്‍ത്തിച്ച് വ്യക്തമാക്കികൊണ്ടിരിക്കുകയാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തയാറാല്ലെന്നാണ് അവര്‍ അറിയിക്കുന്നത്. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് യുഎന്നിലെ ഡപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റയോങ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ഉടനൊരു യുദ്ധമുണ്ടായാല്‍ തങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിനുള്ള മാര്‍ഗം ദക്ഷിണകൊറിയ കണ്ടെത്തിയിരിക്കുന്നത്. യുദ്ധം എത്രകാലം നീണ്ടാലും എത്ര ഭീകരത സൃഷ്ടിച്ചാലും അതിജീവിക്കാനുള്ള തന്ദ്രങ്ങള്‍ ദക്ഷിണകൊറിയ മെനഞ്ഞു കഴിഞ്ഞു. അതിലൊന്നാണ് ഭൂഗര്‍ഭ അറകള്‍.
എന്തെങ്കിലും വ്യോമാക്രമണം നടന്നാല്‍ രക്ഷപ്പെടാനുള്ള ഭൂഗര്‍ഭ അറകള്‍ തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി നിര്‍മിക്കുന്ന തിരക്കിലാണ് ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍. എങ്കിലും തങ്ങളെ ലക്ഷ്യംവെച്ചു നില്‍ക്കുന്ന ഈ മിസൈലുകളെക്കുറിച്ച് സത്യത്തില്‍ ഒരു കോടിയോളം വരുന്ന സിയോള്‍ ജനത വലിയതോതില്‍ ആശങ്കപ്പെടുന്നില്ല. ഒറ്റനോട്ടത്തില്‍ കണ്ടെത്താനാകാത്ത 3253 ഭൂഗര്‍ഭ അറകളാണ് ജനങ്ങള്‍ക്കുവേണ്ടി ദക്ഷിണകൊറിയ സിയോളില്‍ മാത്രം നിര്‍മിച്ചിരിക്കുന്നത്. പല ദക്ഷിണകൊറിയക്കാര്‍ക്കും ഇക്കാര്യം അറിയുകപോലുമില്ലെന്നതാണ് മറ്റൊരു വസ്തുത. ഷോപ്പിങ് മാളുകളുടെയും റെയില്‍വേ സ്റ്റേഷനുകളുടേയും ഹോട്ടല്‍ പാര്‍ക്കിങ്ങിന്റേയുമൊക്കെ ഭൂഗര്‍ഭ അറകള്‍ കൂട്ടാതെയാണ് ഇവ. കഴിഞ്ഞകുറേ വര്‍ഷങ്ങളായി ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കുമ്പോള്‍ ഇത്തരം ഭൂഗര്‍ഭ അറകളുടെ സാന്നിധ്യം കൂടി ഉറപ്പുവരുത്തിയിരുന്നു.
സിയോളിലെ വഴിയോരങ്ങളില്‍ ഇത്തരം ഭൂഗര്‍ഭ അറകളിലേക്കുള്ള വഴികാട്ടി ബോര്‍ഡുകളും സ്ഥാപിച്ചുവരുന്നു. കൊറിയന്‍, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലാണ് ചുവന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സിയോളില്‍ 3200ലേറെ ഭൂഗര്‍ഭ അറകളുണ്ടെന്നത് ഇരുപത്തിയഞ്ചുകാരിയായ ചാ കോനിന് അദ്ഭുതപ്പെടുത്തുന്ന അറിവായിരുന്നു. യുവാക്കളില്‍ ഭൂരിഭാഗവും കൊറിയന്‍ യുദ്ധമെന്ന സാധ്യതയെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും ചാ കോന്‍ പറയുന്നു. 2002ല്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ തന്നെ നടത്തിയ സര്‍വ്വേയില്‍ സിയോള്‍ ജനതയിലെ 74 ശതമാനത്തിനും തങ്ങള്‍ക്ക് ചുറ്റുമുള്ള ഭൂഗര്‍ഭ അറകളെവിടെയാണെന്നതു സംബന്ധിച്ച് യാതൊരു പിടിയുമില്ല. ദക്ഷിണകൊറിയയിലാകെ 18000ത്തോളം ഭൂഗര്‍ഭ അറകള്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഒരുക്കിയിട്ടുണ്ട്. വ്യോമാക്രമണത്തെ നേരിടാന്‍ ഇത് മതിയെങ്കിലും ജൈവ- ആണവ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഇത് മതിയാവില്ല. എങ്കിലും അതിനുള്ള പരിഹാരവും ദക്ഷിണകൊറിയ ഉടന്‍ കണ്ടെത്തുമെന്നാണ് കരുതുന്നത്.