ന്യൂഡൽഹി: ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യക്കു വിജയം. കരുത്തരായ മലേഷ്യയെ രണ്ടിനെതിരേ ആറു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ഒരു ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഗുർജന്ത് സിംഗാണ് കളിയിലെ താരം.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ അകാശ്ദീപിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. രണ്ടാം ക്വാർട്ടറിന്റെ നാലാം മിനിറ്റിൽ ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് ഉയർത്തി. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കോർണർ ഹർമൻപ്രീത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
24-ാം മിനിറ്റിൽ എസ്.കെ.ഉത്തപ്പ വീണ്ടും മലേഷ്യൻ വല കുലുക്കി. 33-ാം മിനിറ്റിൽ ഗുർജന്ത് സിംഗും 40-ാം മിനിറ്റിൽ എസ്.വി.സുനിലും മലേഷ്യൻ നെറ്റിൽ പന്തെത്തിച്ചു. ഇതോടെ ഇന്ത്യയുടെ ആകെ ഗോൾനേട്ടം അഞ്ചായി. 50-ാം മിനിറ്റിലും 59-ാം മിനിറ്റിലും മലേഷ്യ ഗോൾ മടക്കിയെങ്കിലും പ്രതീക്ഷകൾ അകന്നുനിന്നു. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സർദാർ സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ മലേഷ്യയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചുകയറ്റി.
ജയത്തോടെ സൂപ്പർ ഫോറിൽ ഇന്ത്യ ഒന്നാമതെത്തി. ഈ ഘട്ടത്തിൽ രണ്ടു മത്സരങ്ങളിൽനിന്ന് ഇന്ത്യക്കു നാലു പോയിന്റാണുള്ളത്. ശനിയാഴ്ച പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.