നളന്ദ: ബിഹാറിൽ ഗ്രാമമുഖ്യന്റെ വീട്ടിൽ കതകിൽമുട്ടാതെ പ്രവേശിച്ചയാൾക്ക് നാട്ടുകൂട്ടത്തിന്റെ പ്രാകൃതശിക്ഷ. സ്ത്രീകൾ ചെരുപ്പുകൊണ്ട് അടിക്കുകയും നിലത്തുതുപ്പിയ ശേഷം നക്കിത്തുടയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ നളന്ദയിൽ മഹേഷ് താക്കൂർ എന്ന നാൽപ്പത്തിനാലുകാരനാണ് പ്രാകൃതശിക്ഷയ്ക്കു വിധേയനായത്.
ഗ്രാമമുഖ്യൻ സുരേന്ദ്ര യാദവിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി പുകയിലയ്ക്ക് എത്തിയതായിരുന്നു താക്കൂർ. എന്നാൽ ഈ സമയം യാദവിന്റെ വീട്ടിൽ പുരുഷൻമാർ ആരും ഉണ്ടായിരുന്നില്ല. താക്കൂർ വാതിൽ മുട്ടാതെ അകത്തുകടന്നെന്നാണ് ആരോപണം.
ചെരിപ്പിന് 25 അടി, തുപ്പിയ ശേഷം നക്കിത്തുടയ്ക്കുക എന്നീ ശിക്ഷകളാണ് നാട്ടുകൂട്ടം താക്കൂറിന് വിധിച്ചത്. നിരവധി സ്ത്രീകളാണ് താക്കൂറിനെ തല്ലാനെത്തിയത്.