ന്യൂഡൽഹി: ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കുമെന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് ബിസിസിഐ. വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. ശ്രീശാന്തിന്റെ വാദം പൊള്ളയാണ്. ബിസിസിഐ നിയമപരമായ രീതിയിലാണ് സംഭവത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിസിസിഐ ആക്ടിംഗ് സെക്രട്ടറി സി.കെ ഖന്നയും ശ്രീശാന്തിന്റെ വാദത്തെ തള്ളി. മാതൃസംഘടന വിലക്കിയ കളിക്കാരന് ഒരു രാജ്യത്തെ പ്രതിനിധീകരിച്ചും കളിക്കാനാവില്ല. ഇന്റർനാഷണൽ ക്രിക്കറ്റ് ആസോസിയേഷന്റെ (ഐസിസി) നിയമങ്ങൾ ഇത് വ്യക്തമായി പറയുന്നുണ്ടെന്നും ഖന്ന പറഞ്ഞു.
ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരെ പോരാടുമെന്ന് നേരത്തെ എസ്.ശ്രീശാന്ത് തുറന്നടിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കും. വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
വാതുവയ്പ് കേസിൽ ബിസിസിഐ രണ്ട് നിലപാടാണ് സ്വീകരിക്കുന്നത്. തെറ്റു ചെയ്തെന്ന് കോടതി കണ്ടെത്തിയവരെ സഹായിക്കുകയും, കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ തന്നെ ക്രൂശിക്കുകയും ചെയ്യുന്ന നിലപാടാണ് ബിസിസിഐയുടേത്. കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. മൽസരങ്ങൾക്കുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തു കഴിഞ്ഞെന്നും ശ്രീശാന്ത് ദുബായിൽ പറഞ്ഞു.