കൊച്ചി: ഒരു കുടുംബത്തിന്റെ തണലായിരുന്ന എറണാകുളം തൈക്കുടം മാമ്പ്രയിൽ ബിനു കൃഷ്ണൻ എന്ന മുപ്പത്തിയഞ്ചുകാരൻ നാലു കുടുംബത്തിനു പ്രതീക്ഷയേകി വിടചൊല്ലി. അപ്രതീക്ഷിതമായുണ്ടായ രോഗത്താൽ മസ്തിഷ്കമരണം സംഭവിച്ച ബിനുവിന്റെ ഹൃദയം, കരൾ, വൃക്കകൾ, പാൻക്രിയാസ് എന്നിവ മരണത്തെ മുഖാമുഖം കണ്ടു കഴിയുകയായിരുന്ന നാലു പേരെ ജീവിതത്തിലേക്കു തിരികെയെത്തിച്ചു.
കഴിഞ്ഞ 14നു സുഹൃത്തിനൊപ്പം ബൈക്കോടിച്ചു വരികയായിരുന്ന ബിനുവിനു വൈറ്റില ജംഗ്ഷനിലെത്തിയപ്പോൾ കഠിനമായ തലവേദന അനുഭവപ്പെടുകയും രക്തസമർദം കൂടുകയുമായിരുന്നു. ആസ്റ്റർ മെഡ്സിറ്റിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവവും മസ്തിഷ്കാഘാതവും കണ്ടെത്തി. വിദഗ്ധ ചികിത്സ നൽകിവരവേ വ്യാഴാഴ്ചയോടെ മസ്തിഷ്കമരണം സംഭവിച്ചു.
രണ്ടു തവണ ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്കു വരാനുള്ള ഒരു സാഹചര്യവുമില്ലെന്നു ബോധ്യപ്പെട്ടതിനുശേഷം ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവന്റെ അവയവങ്ങൾ പലരിലൂടെ ജീവിക്കുമെന്ന പ്രത്യാശയിൽ ഭാര്യ സിനിയും സഹോദരൻ ബിജുവും അവയവദാനത്തിനു സമ്മതം മൂളി. കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തവരിൽ മുൻഗണനയിലുള്ളവർക്കാണ് അവയവങ്ങൾ നൽകിയത്.
എത്രയും വേഗം ഹൃദയം മാറ്റിവച്ചില്ലെങ്കിൽ മരണം സംഭവിക്കാമെന്ന നിലയിൽ കോഴിക്കോട്ടെ മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയായ സിനോജി(28)ന് ഹൃദയവും, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശി വി.ജി. ജയകുമാറി(46)ന് ഒരു വൃക്കയും നൽകി.
രണ്ടാമത്തെ വൃക്കയും പാൻക്രിയാസും അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള കോട്ടയം മണിമല സ്വദേശിനിയായ സൂര്യ അശോകി(31)നും കരൾ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ശാസ്തമംഗലം സ്വദേശി സുരേഷ്കുമാറിനു(48)മാണു നൽകിയത്. ആസ്റ്റർ മെഡ്സിറ്റിയിലെ കണ്സൾട്ടന്റ് മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സർജൻ ഡോ. മാത്യു ജേക്കബിന്റെ നേതൃത്തിലാണു ബിനുവിന്റെ അവയവങ്ങൾ വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയ നടത്തിയത്.
കോയന്പത്തൂരിലുള്ള ഗംഗ എയർ ആംബുലൻസിന്റെ സഹായത്തോടെ ഹൃദയം കോഴിക്കോട്ടെത്തിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലെ ഹെലിപ്പാഡിൽ ഇറങ്ങിയ എയർ ആംബുലൻസ് ഹൃദയവുമായി ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ യാത്രതിരിച്ചു. കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി പിന്നീട് റോഡ് മാർഗം ഹൃദയം കാർഡിയാക് സെന്ററിൽ എത്തിച്ചു. റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ കളക്ടർമാർ, പോലീസ് മേധാവികൾ എന്നിവർ ഇടപെട്ട് അവയവദാന പ്രക്രിയ സുഗമമാക്കാൻ നടപടികൾ സ്വീകരിച്ചു
പരേതനായ കൃഷ്ണൻ-അമ്മിണി ദന്പതികളുടെ മകനാണ് എറണാകുളത്തെ സ്വകാര്യ കന്പനിയിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ബിനു കൃഷ്ണൻ. അതേ കന്പനിയിലെ ജീവനക്കാരിയായ സിനിയാണു ഭാര്യ. മകൾ: നാലര വയസുകാരി ദേവീകൃഷ്ണ. ബിനുവിന്റെ സംസ്കാരം ഇന്നലെ വൈകിട്ട് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ നടത്തി.