മാവേലിക്കര: ചെങ്ങന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ അഖിൽ സ്റ്റീഫൻ (20), മിഥുൻ (23), കോട്ടയം സ്വദേശിയായ നിധിൻ മോഹൻ (22) എന്നിവരാണ് മരിച്ചത്. കാരക്കാട് വെട്ടിപിടിക ജംഗ്ഷന് സമീപം ഇന്നലെ രാത്രി 11.15 ഓടെയാണ് അപകടമെന്ന് പറയപ്പെടുന്നു.
ഇവർ സഞ്ചരിച്ചിരുന്നു രണ്ട് പൾസർ ബൈക്കുകൾ എതിരെ വന്ന് എത്തിയോസ് ടൊയോട്ട കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായി നാലുപേരടങ്ങുന്ന സംഘം പന്തളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കെത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടുപേർ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും മിഥുൻ (23) രാവിലെ ഒന്പതോടുകൂടി വണ്ടാനം മെഡിക്കൽ കോളജിലും മരണമടയുകയായിരുന്നു. അതേസമയം ഇവരോടൊപ്പമുണ്ടായിരുന്നു എന്നു കരുതുന്ന നാലാമനും ബൈക്കിനും വേണ്ടി രാത്രിയിൽ തന്നെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഇയാളുടെ പേരോ മേൽവിലാസമോ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.