പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ശബരിമല സന്ദർശനത്തോടനുബന്ധിച്ച സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പോലീസുകാരൻ മുങ്ങിയ സംഭവത്തിൽ നടപടി. മുൻകൂർ അനുമതിയില്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസർ പന്തളം സ്വദേശി താജുദ്ദീനെ ജില്ലാ പോലീസ് മേധാവി സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.
പന്പ സിഐ എം.കെ. വിജയന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.16നു രാത്രി പന്പയിലെത്തിയ മുഖ്യമന്ത്രിക്ക് അധികസുരക്ഷയ്ക്കായി 10 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ഡിവൈഎസ്പി കെ.എ. വിദ്യാധരനായിരുന്നു ഏകോപനച്ചുമതല. താജുദ്ദീനെ വിളിച്ച് സന്നിധാനത്ത് എത്താൻ ആവശ്യപ്പെട്ടെങ്കിലും പന്പയിൽ ഡ്യൂട്ടിയിലാണെന്നായിരുന്നു മറുപടി. പിന്നീട് വിളിച്ചപ്പോൾ ഫോണിൽ കിട്ടിയില്ല. തുടർന്ന് പന്പ സിഐ നടത്തിയ അന്വേഷണത്തിൽ താജുദ്ദീന്റെ ഭാഗത്തു വീഴ്ചയുള്ളതായി കണ്ടെത്തി. തുടർന്നാണ് നടപടിക്കു ശിപാർശ ചെയ്തത്.