ചെന്നൈ: വിജയ് ചിത്രം മെർസലിനെതിരേ ഇന്ത്യൻ മെഡിക്കൽ അസേസിയേഷൻ രംഗത്ത്. മെഡിക്കൽ മാഫിയായ്ക്കെതിരേ ചിത്രത്തിൽ പരാമർശമുണ്ട്. മാത്രമല്ല എന്തുകൊണ്ടാണ് ആളുകൾ സർക്കാർ ആശുപത്രിയേക്കാൾ കൂടുതലായി സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നത് എന്നതിനെക്കുറിച്ചും വിജയയുടെ കഥാപാത്രം വിശദീകരിക്കുന്നുണ്ട്. ഇതാണ് ഡോക്ടർമാർ ചിത്രത്തിനെതിരേ തിരിയാൻ കാരണം.
ചിത്രത്തിലെ പരാമർശത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും ഇത് ചിത്രത്തിന് കൂടുതൽ പ്രചാരണം ലഭിക്കാൻ ഇടയാക്കുമെന്നും അതിനാൽ പൈറസി വെബ് സൈറ്റുകളുടെ ലിങ്കുകൾ സോഷ്യൽ മീഡിയിൽ ഷെയർ ചെയ്തു പ്രതികരിക്കുമെന്നും ഐഎംഎ പ്രസിഡന്റ് ഡോ.ടി.എൻ രവിശങ്കർ ഇന്ത്യ ടുഡേയോട് പറഞ്ഞു. അതേസമയം ചിത്രത്തിനെതിരേയുള്ള ആക്രമണം രൂക്ഷമാക്കി ബിജെപിയും രംഗത്ത് ഉണ്ട.്. വിജയ്യുടെ നികുതി സംബന്ധിച്ച വിവരം വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ആവശ്യപ്പെട്ടു. നടൻ നികുതി വെട്ടിച്ചതു സംബന്ധിച്ചു വിശദീകരണം നൽകണമെന്നും അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു.
നടന്റെ കഥാപാത്രം ചരക്കുസേവന നികുതി(ജിഎസ്ടി)ക്കും നോട്ട് നിരോധനത്തിനും എതിരേ സംസാരിക്കുന്നതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ചിത്രത്തിൽനിന്ന് ഇവ നീക്കംചെയ്യാൻ പാർട്ടി ഭീഷണിപ്പെടുത്തി. അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് മൂന്നു വേഷത്തിലാണെത്തുന്നത്. ഇതിലൊരു കഥാപാത്രമാണ് വിവാദപരാമർശങ്ങൾ നടത്തുന്നത്. നോട്ട് നിരോധനത്തെ വിമർശിക്കുക യും ജിഎസ്ടിയെ ചോദ്യം ചെയ്യുകയും സിംഗപ്പൂരിൽ ഇത്രയും നികുതിയില്ലെന്നു പറയുകയും ചെയ്യുന്നതാണു കഥാപാത്രം.
മദ്യം ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തതിനെതിരേയും പരാമർശമുണ്ട്.രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുന്നോടിയായാണ് വിജയ് കേന്ദ്രത്തിനെതിരേ സിനിമയിൽ സംസാരിക്കുന്നതെന്ന് ബിജെപി തമിഴ്നാട് പ്രസിഡൻറ് തമിഴിസൈ സൗന്ദരരാജൻ കഴിഞ്ഞ ദിവസം ആരോപിച്ചു. അതിനിടെ സിനിമയിലെ വിവാദമായ രംഗങ്ങൾ നീക്കം ചെയ്യണമെന്ന ബിജെപി തമിഴ്നാട് ഘടകത്തിന്റെ ആവശ്യത്തോട് അണിയറ ശിൽപികൾ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ജിഎസ്ടിയെയും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യാൻ നിർമാതാക്കൾ സമ്മതിച്ചതായാണ്
സൂചന.