എത്രയൊക്കെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചാലും എത്രയൊക്കെ ബോധവത്കരണങ്ങള്‍ നടത്തിയാലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ധൈര്യപൂര്‍വ്വം വഴിയിലിറങ്ങി നടക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേയ്ക്കുള്ള ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ പിന്തുടര്ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നടക്കാവ് പോലീസ് സ്വമേധയയാണ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്നതിന്റെ സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. ഇത് പിന്നീട് സോഷ്യല്‍മീഡിയകളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.