കുളത്തൂപ്പുഴ: ഭർതൃവീട്ടിൽ താമസിക്കുന്നതിന് കോടതി മുഖേന പോലീസ് സംരക്ഷണവും സഹായവും ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ പോലീസിന്റെ മുന്നിൽ ഭർത്താവിൻെറ ബന്ധുക്കൾ ക്രൂരമായി മർദിച്ചതായി പരാതി. കിളിമാനൂർ തട്ടത്തുമല പഴയകുന്നുമേൽ ചരുവിള പുത്തൻ വീട്ടിൽ സന്ധ്യക്കാണ് മർദനമേറ്റത്.
ഇന്നലെ വൈകുന്നേരം കുളത്തൂപ്പുഴ സ്റ്റേഷന് മുന്നിലാണ് സംഘം ചേന്ന് യുവതിയെ മർദിച്ചത്. സന്ധ്യയുടെ ഭർത്താവ് ശശികുമാർ ബന്ധുക്കളായ രജനീഷ്കുമാർ, സജീവ്, ഗോമതി, ശാരദ, മഞ്ചു, രജിത സഞ്ചു എന്നിവരെ പ്രതി ചേത്ത് കുളത്തൂപ്പുഴ സിഐക്ക് സന്ധ്യ പരാതി നൽകിയിട്ടുണ്ട്.
ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന സന്ധ്യ ജീവനാംശത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ആറ്റിങ്ങൾ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവുമായാണ് സന്ധ്യ കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയിൽ എത്തിയത്.