ചെന്നൈ: വിജയിയുടെ ‘മെർസലി’ൽനിന്ന് ബിജെപിക്ക് അനിഷ്ടമായ ഭാഗങ്ങൾ നീക്കം ചെയ്യാൻ തയാറാണെന്ന് നിർമാതാക്കൾ. തെനാൻഡൽ സ്റ്റുഡിയോസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ കാഴ്ചപ്പാടിൽനോക്കിയാൽ ആക്ഷേപം നീതികരിക്കത്തക്കതാണെന്നു തെനാൻഡൽ സ്റ്റുഡിയോ അറിയിച്ചു.
‘മെർ സലി’ന് പിന്തുണയറിയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, നടൻ കമൽഹാസൻ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പിന്തുണകളെ തള്ളി ബിജെപിയുടെ പ്രതിഷേധങ്ങൾക്കു വഴങ്ങാനാണ് നിർമാതാക്കളുടെ തീരുമാനം.
വിജയിയുടെ കഥാപാത്രം ചരക്കുസേവന നികുതി(ജിഎസ്ടി)ക്കും നോട്ട് നിരോധനത്തിനും എതിരേ സംസാരിക്കുന്നതാണ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽനിന്ന് ഇവ നീക്കംചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് മൂന്നു വേഷത്തിലാണെത്തുന്നത്. ഇ തിലൊരു കഥാപാത്രമാണ് വിവാദപരാമർശങ്ങൾ നടത്തുന്നത്. നോട്ട് നിരോധനത്തെ വിമർശിക്കുക യും ജിഎസ്ടിയെ ചോദ്യം ചെയ്യുകയും സിംഗപ്പൂരിൽ ഇ ത്രയും നികുതിയില്ലെന്നു പറയുകയും ചെയ്യുന്നതാണു കഥാപാത്രം. മദ്യം ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തതിനെതിരേയും പരാമർശമുണ്ട്.
നേരത്തെ ബിജെപിയുടെ പ്രതിഷേധത്തെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. തമിഴ് സിനിമ, അവരുടെ സംസ്കാരത്തിന്റെ തീവ്രമായ ആവിഷ്കാരമാണെന്ന് രാഹുൽ പറഞ്ഞു. അതുകൊണ്ട് തമിഴ്ജനതയുടെ അഭിമാനത്തെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.