കൊച്ചി: ഒൻപതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പീഡനത്തിന് കൂട്ടുനിന്ന അമ്മ അടക്കം അഞ്ച് പേർക്ക് കോടതി തടവും പിഴയും വിധിച്ചു. ഞാറക്കലിന് സമീപം മുരിക്കുംപാടത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച നായരന്പലം സ്രാന്പിക്കൽ റോക്കി (59), പെണ്‍കുട്ടിയുടെ അമ്മ സിന്ധു (45), പുതുവൈപ്പ് കൈതപ്പറന്പിൽ ചാള നാസർ എന്ന നാസർ (50), പുതുവൈപ്പ് കണ്ടത്തിപറന്പിൽ ഗോമൂക്ക എന്ന ഗഫൂർ (57), പുതുവൈപ്പ് പുതുവൽസരത്ത് ബാലകൃഷ്ണൻ (59) എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച ഒന്നാം പ്രതി റോക്കിയെ ജീവപര്യന്തം തടവിനും 25,000 രൂപ പിഴയ്ക്കും ഇടപാടുകാർക്ക് മകളെ കാഴ്ചവച്ച രണ്ടാം പ്രതി അമ്മയെ 10 വർഷം കഠിന തടവിനുമാണ് ശിക്ഷിച്ചത്.
സിന്ധുവിനു പതിനൊന്നര വർഷം ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് 10 വർഷം ജയിലിൽ കിടന്നാൽ മതിയാവും. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം മാത്രം തെളിഞ്ഞതിനാൽ മൂന്നും നാലും പ്രതികളായ നാസർ,ഗഫൂർ എന്നിവരെ ഒരു വർഷം തടവിനും 5,000 രൂപ പിഴയൊടുക്കാനുമാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ചാം പ്രതി ബാലകൃഷ്ണനെ ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിനു പുറമെ 15,000 രൂപ പിഴ അടയ്ക്കാനും ഉത്തരവുണ്ട്. 2012 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് സിന്ധുവിന്റെ ഒത്താശയോടെ പ്രതികൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ആശാ പ്രവർത്തകയുടെയും ആംഗൻവാടി ജീവനക്കാരുടെയും ഇടപെടലിനെത്തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. പീഡനവിവരങ്ങൾ ചേർക്കാതെ ആദ്യം കുറ്റപത്രം നൽകിയെങ്കിലും പ്രോസിക്യൂട്ടർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. തുടരന്വേഷണത്തിലാണ് കൂടുതൽ രേഖകൾ കോടതിയിലെത്തിയത്. പ്രോസിക്യഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സന്ധ്യാ റാണി ഹാജരായി.