നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
വിദ്യാഭ്യാസം എന്നത് രാജ്യപുരോഗതിയുടെ അടിസ്ഥാനശിലയാണ്. അടിസ്ഥാനവിദ്യാഭ്യാസം എന്നത് എല്ലാവരുടെയും മൗലിക അവകാശങ്ങളിൽപ്പെട്ടതാണ്. അതിനാൽ ജിഎസ്ടിയിൽ വിദ്യാഭ്യാസമേഖലയ്ക്ക് ധാരാളം ഒഴിവുകൾ നല്കിയിട്ടുണ്ട്. സ്കൂളുകളിലെയും കോളജുകളിലെയും സാധാരണ വിദ്യാഭ്യാസം ജിഎസ്ടിയിൽനിന്ന് ഒഴിവാണ്. ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസവും അവയുടെ മിക്ക അനുബന്ധ സേവനങ്ങളും നികുതിയിൽനിന്ന് ഒഴിവുള്ളതാണ്.
ഒരു വിദ്യാഭ്യാസസ്ഥാപനം അതിലെ വിദ്യാർഥികൾക്കും ഫാക്കൽറ്റികൾക്കും സ്റ്റാഫിനും നല്കുന്ന സേവനങ്ങൾ ജിഎസ്ടിയിൽനിന്ന് ഒഴിവാണ്. എന്നാൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു ലഭിക്കുന്ന താഴെപ്പറയുന്ന സേവനങ്ങൾ ഹയർ സെക്കൻഡറി ലെവൽ വരെ ഒഴിവുള്ളതാണ്. 1) വിദ്യാർഥികളെയും അധ്യാപകരെയും സ്റ്റാഫിനെയും സ്കൂളിലെത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങൾ.
2) ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയ കാറ്ററിംഗ് സേവനങ്ങൾ.
3) സെക്യൂരിറ്റി, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ് എന്നിവ.
4) ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ അഡ്മിഷൻ, പരീക്ഷ നടത്തിപ്പുകൾ മുതലായവ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അതിലെ വിദ്യാർഥികൾക്ക് നല്കുന്ന താഴെപ്പറയുന്ന സേവനങ്ങൾക്ക് ജിഎസ്ടിയില്ല.
1) കോമണ് അഡ്മിഷൻ ടെസ്റ്റിനു ശേഷം (ക്യാറ്റ്) സെലക്ട് ചെയ്യുന്ന രണ്ടു വർഷത്തെ ഫുൾ ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ കോഴ്സുകൾ.
2) മാനേജ്മെന്റിലെ ഫെല്ലോ പ്രോഗ്രാമുകൾ.
3) അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് കോഴ്സുകൾ ഇവയുടെ ഫീസുകൾക്ക് ജിഎസ്ടി, ഉണ്ടാകില്ല.
എന്നാൽ, പ്രസ്തുത സ്ഥാപനങ്ങൾ നടത്തുന്ന എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് പ്രോഗ്രാമുകൾക്ക് ജിഎസ്ടിയിൽ ഒഴിവില്ല. വിദേശത്തുള്ള ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ ഡിഗ്രികൾക്കുള്ള ഫീസിനും ജിഎസ്ടി ബാധകമാണ്.
നാഷണൽ കൗണ്സിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗിന്റെ അംഗീകാരത്തോടുകൂടി ഐടിഐ, ഐടിസി മുതലായവ നടത്തുന്ന കോഴ്സുകൾ നികുതിയിൽപ്പെടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനത്തിൽപ്പെട്ട സ്കൂളുകളിലെയും കോളജുകളിലെയും ഫീസിനു മാത്രമേ ഒഴിവു ലഭിക്കൂ.
പ്രൈവറ്റായി നടത്തുന്ന കോച്ചിംഗ് സെന്ററുകളിലെയും അംഗീകാരമില്ലാത്ത സ്കൂളുകളിലെയും ഫീസുകൾക്ക് ജിഎസ്ടി ബാധകമാണ്. കോളജുകളിലെ കാന്റീൻ നടത്തുന്നത് പ്രൈവറ്റ് പാർട്ടികളാണെങ്കിൽ അവയ്ക്ക് ജിഎസ്ടി ബാധകമാണ്. സ്കൂളുകളിലെയും കോളജുകളിലെയും ഹോസ്റ്റലുകൾ സ്കൂളുകളോ കോളജുകളോ നേരിട്ട് നടത്തുകയാണെങ്കിൽ അതിന് ജിഎസ്ടി ബാധകമല്ല.
ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനുകൾ സ്കൂളുകളും കോളജുകളും നടത്തിയാലും അവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനത്തിൽപ്പെടുന്നുണ്ടെങ്കിൽ സാധാരണഗതിയിലുള്ള ഒഴിവിനുതന്നെ അർഹമാണ്. ഇതുകൂടാതെ ആദായനികുതിയിലെ 12 എഎ വകുപ്പനുസരിച്ച് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള ധർമസ്ഥാപനങ്ങൾ നിർധനർക്കും അനാഥർക്കും പാർപ്പിടമില്ലാത്ത കുട്ടികൾക്കും മാനസികവളർച്ചയെത്താത്ത കുട്ടികൾക്കും ഒക്കെ വേണ്ടി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജിഎസ്ടി ബാധകമാകില്ല.
ബോർഡിംഗ് സ്കൂളുകളിൽ സ്കൂൾ ഫീസും താമസത്തിനുള്ള ഫീസും ഭക്ഷണത്തിനുള്ള ചെലവുകളും മറ്റു ചെലവുകളും ഒരുമിച്ച് ചാർജ് ചെയ്താലും അതിനു ജിഎസ്ടി ബാധകമാവില്ല. ഇത് ബണ്ടിൽഡ് സർവീസായി കണക്കാക്കുന്നതും പ്രധാന ലക്ഷ്യം വിദ്യാഭ്യാസം നേടലുമായാണ് ഇവയ്ക്ക് പൂർണമായി ഒഴിവു നല്കിയിരിക്കുന്നത്. എന്നാൽ, നോർമൽ ബില്ലിംഗ് കൂടാതെ അധികമായി ബില്ല് ചെയ്യപ്പെടുന്ന സേവനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെങ്കിലും ജിഎസ്ടിയുടെ പരിധിയിൽ വരുന്നതാണ്.