അടുത്തിടെ ഒരു വാര്‍ത്ത സിനിമമാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും പടര്‍ന്നിരുന്നു. ആ വാര്‍ത്ത ഇങ്ങനെയായിരുന്നു. ഒന്നുരണ്ട് സിനിമകളില്‍ അഭിനയിച്ച് ഹിറ്റായ യുവനടന് പുതിയ സിനിമയുടെ സെറ്റിലെത്തിയപ്പോള്‍ കാരവാനിനായി നിര്‍ബന്ധം പിടിച്ചെന്നായിരുന്നു വാര്‍ത്ത. ആദ്യ പടങ്ങള്‍ ഹിറ്റായശേഷമാണ് പുതിയ നിര്‍മാതാവിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഇയാളെത്തിയത്. ഈ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയാണ് മലയാളത്തിലെ മറ്റൊരു പ്രമുഖ നടന്റെ സിനിമയില്‍ നല്ലൊരു വേഷം ലഭിക്കുന്നത്. അത് തനിക്ക് ലഭിച്ച ഭാഗ്യമായി കണ്ട യുവനടന് കിട്ടിയ വേഷം ഗംഭീരമാക്കുകയും ചെയ്തു. പടത്തെക്കാള്‍ പാട്ടും യുവനടന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് താന്‍ നായകനായി അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ബാക്കി ഷൂട്ടിങ്ങിനാണ് യുവനടന് എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ സമയങ്ങളില്‍ കണ്ട ഒരു ഭാവമായിരുന്നില്ല യുവ നടന്റെത് എന്നാണ് അണിയറക്കാര്‍ പറയുന്നത്.
ലൊക്കേഷനില്‍ എത്തിയ ദിവസം തന്നെ നടന്റെ അപ്രതീക്ഷിതമായ ആവശ്യം കേട്ട് നിര്‍മാതാവും സംവിധായകനുമൊക്കെ ഞെട്ടിപ്പോയി. മറ്റ് പ്രമുഖ നടന്മാര്ക്കൊക്കെ ഉള്ളതുപോലെ തനിക്കും ഒരു കാരവന് വേണം എന്നായിരുന്നു യുവനടന് ആവശ്യപ്പെട്ടത്. പ്രമുഖ നടന്മാരൊക്കെ സ്വന്തമായി വാങ്ങിയ കാരവന് ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ യുവനടന് നിര്‍മ്മാതാവിന്റെ ചെലവില്‍ വാടകയ്ക്കാണ് കാരവാന് ആവശ്യപ്പെട്ടത്. ചെറിയ ബജറ്റില്‍ തുടങ്ങിയ ചിത്രം എങ്ങിനെ പൂര്‍ത്തിയാക്കുമെന്ന് ആലോചിച്ചിരിക്കെയാണ് നടന്റെ ഈ ആവശ്യം. ഒടുവില്‍ എവിടന്നൊക്കെയോ പണം കണ്ടെത്തി നിര്‍മാതാവ് നടന്റെ ആഗ്രഹം സാധിച്ചുകൊടുത്തു. ഇത്രയും അന്ന് വന്ന വാര്‍ത്ത.
ഈ വാര്‍ത്ത പുറത്തുവന്നതോടെ പലരുടെയും സംശയമുന നീണ്ടത് അപ്പാനി രവിയെന്ന ശരതിലേക്കാണ്. അങ്കമാലി ഡയറീസിലൂടെ എത്തി വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് പാട്ടിന് നൃത്തം ചെയ്ത അതേതാരം. എന്നാല്‍ തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നും ശരത് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ശരത് നല്കിയ അഭിമുഖത്തില്‍ ശരത് പറയുന്നതിങ്ങനെ- എന്റെ അച്ഛന് കൂലിപ്പണിക്കാരനാണ്. എനിക്ക് 27 വയസേ ഉള്ളൂ. ആളുകളോട് ശരിക്കും സംസാരിക്കാന്‍ പോലും അറിയില്ല. 120 തെരുവു നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൊള്ളുന്ന റോഡില്‍ നിന്ന് അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വെയിലൊന്നും എന്നെ ബാധിക്കില്ല.
അഞ്ച് സിനിമകളില്‍ ഇതുവരെ അഭിനയിച്ചു. ആദ്യസിനിമ റോഡിലും ഇറച്ചിക്കിടയിലും കിടന്നാണ് അഭിനയിച്ചത്. അതില്‍ കാരവന് പോലും ഇല്ലായിരുന്നു. അത് ഹിറ്റായപ്പോഴാണ് വെളിപാടിന്റെ പുസ്കതത്തില്‍ വിളിച്ചത്. അതില്‍ രണ്ട് കാരവന് ഉണ്ടായിരുന്നു. ഞാനൊന്നും ആഭാഗത്തേക്ക് പോകാറേ ഇല്ല. എന്റെ ജീവിത രീതിയില്‍ വന്ന ഒരേ ഒരു മാറ്റം ഞാന്‍ ഒരു കാര്‍ വാങ്ങി എന്നതാണ്. നേരത്തെ ബസില്‍ സഞ്ചരിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ കാറിലാണ് യാത്ര ചെയ്യുന്നത്. മാസം 17,000 രൂപ കാറിന് ലോണും അടയ്ക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളൊന്നും എന്റെ വ്യക്തി ജീവിതത്തെയും സിനിമാ ജീവിതത്തേയും ഒട്ടും ബാധിച്ചിട്ടില്ലെന്നും ശരത് പറയുന്നു.