കോട്ടയം: കാഞ്ഞിരപ്പള്ളി പൊടിമറ്റം അഞ്ചിലവ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ സ്റ്റോർ മുറിയിൽനിന്ന് രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ നിരവധിപ്പേ രെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ ഇതുവരെ ആരാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. എന്നാൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
റബർ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളെയും സംശയമുള്ള ചിലരെയും ചോദ്യം ചെയ്തു. 2.100കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്. പഴയ സ്റ്റോർ റൂമിന്റെ മൂലയിൽ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പത്ത് ഏക്കർ വിസ്തീർണമുള്ള റബർ തോട്ടത്തിലാണ് സ്റ്റോർ മുറി. ഇത് ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. വല്ലപ്പോഴും റബർ പാൽ ശേഖരിച്ചു വയ്ക്കാറുണ്ടെന്നത് ഒഴിച്ചാൽ ഇവിടേക്ക് ആരും വരാറില്ല എന്നാണ് പോലീസ് പറയുന്നത്. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്, എസ്ഐ അൻസിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
റബർ തോട്ടം സ്ലോട്ടർ ടാപ്പിംഗിന് നല്കിയിരിക്കുകയാണ്. റാന്നി സ്വദേശിയായ ആളാണ് സ്ഥലം പാട്ടത്തിന് എടുത്തിരിക്കുന്നത്. എന്നാൽ ഇവരാരും സ്ഥലത്ത് വരാറില്ല. സ്ഥലം ഉടമയുടെ വീട് അകലെയാണ്. അവരും ഈ വഴിക്കൊന്നും വരാറില്ല. ആളൊഴിഞ്ഞ സ്ഥലമെന്നു മനസിലാക്കി കഞ്ചാവ് ലോബി ഇവിടം കയ്യടക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.
ആരും ശ്രദ്ധിക്കാത്ത സ്ഥലമായതിനാൽ സ്ഥിരമായി കഞ്ചാവ് സൂക്ഷിക്കാറുണ്ടോ എന്നും സംശയിക്കുന്നു. കഞ്ചാവ് ലോബിയുമായി ബന്ധപ്പെട്ട ചിലരെ പോലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ നീക്കങ്ങൾ അറിയുന്നതിന് മഫ്തി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. സംശയമുള്ളവരുടെ ഫോണ് കോളുകളും പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസം പുറത്തു നിന്നുള്ള ചിലർ ഇവിടെ വന്നു പോയതായി സമീപ വാസികളിൽ പറയുന്നു. ഇവരിൽനിന്ന്് ചില നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആരാണ് വന്നതെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
v