കോട്ടയം: ട്രെയിനിന്റെ വാതിലിൽ ഇരുന്നു യാത്ര ചെയ്ത യുവാവിന്റെ കാൽ പിറവം റോഡ് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ കുടുങ്ങി ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശി രവിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞു തൂങ്ങി.
ഇന്നു രാവിലെയാണ് അപകടം. ഇന്ന് രാവിലെ ചെന്നൈ മെയിലിൽ കോയന്പത്തൂരിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു രവി. ഏറ്റവും പുറകിലെ ജനറൽ കന്പാർട്ട്മെന്റിൽ വാതിലിന്റെ ഫുട്ബോർഡിൽ ഇരിക്കുകയായിരുന്നു ഇയാൾ. ട്രെയിൻ പിറവം റോഡ് സറ്റേഷനിൽ എത്തിയപ്പോൾ കാൽ പ്ലാറ്റ്ഫോമിൽ ഇടിച്ച് കുടുങ്ങുകയായിരുന്നു.
ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പരിക്കേറ്റ രാജുവിനെ റെയിൽവേ പോലീസിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരു കാലുകളും ഒടിഞ്ഞ യാത്രക്കാരനെ റെയിൽവേ പോലീസ് എഎസ്ഐ രാജു നാരായണൻ, സേതു എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.
ട്രെയിന്റെ വാതിൽപ്പടിയിൽ ഇരുന്നു യാത്ര ചെയ്യുന്നവർക്ക് പിറവം റോഡ് റെയിൽവേസ്റ്റേഷനിൽ അപകടമുണ്ടാകുന്നത് നിത്യ സംഭവമാണെന്ന് റെയിൽവേ ജീവനക്കാർ പറഞ്ഞു. പ്ലാറ്റ്ഫോമും ട്രെയിന്റെ ഡോറും അടുത്തിരിക്കുന്നത് ശ്രദ്ധിക്കാതെ കാല് പുറത്തിട്ട് വരുന്നവരാണ് അപകടത്തിൽപ്പെടുന്നത്.