ആലപ്പുഴ: കൈയേറ്റവും നിയമലംഘനവും ചൂണ്ടിക്കാട്ടി കളക്ടറുടെ റിപ്പോർട്ടു കൂടി എത്തിയതോടെ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ നില പരുങ്ങലിലായെങ്കിലും രാജി ഉടനുണ്ടായേക്കില്ലെന്ന് സൂചന. കോടതി വിധി വരട്ടേയെന്ന സമീപനം സർക്കാരെടുക്കാൻ സാധ്യതയുള്ളതിനാൽ രാജിയും വൈകിയേക്കും.
കോടതിയിൽ കേസ് ഉള്ളതിനാൽ അതിൽ തീരുമാനമായിട്ടുമതി അന്തിമ തീരുമാനമെന്ന നിലയ്ക്കാണ് സർക്കാർ മുന്നേറുന്നത്. എന്നിരുന്നാലും നടപടി അനിവാര്യമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്നതും വിസ്മരിക്കാനാകില്ല. രാജി വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് കൂടുതൽ സമരപരിപാടികളിലേക്ക് പ്രതിപക്ഷ കക്ഷികളും ബിജെപിയും രംഗത്തെത്തിയേക്കും.മന്ത്രിക്കെതിരായി റിപ്പോർട്ടിൽ കാര്യമായ പരാമർശമില്ലെന്നും മാർത്താണ്ഡം കായലുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിധിയിലാണെന്നും ഉള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രത്യക്ഷത്തിൽ മന്ത്രിക്കു രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് മന്ത്രിയുടെ ഓഫീസെന്നുമാണ് സൂചന.
കോടതിവിധി വന്നിട്ടുമതി ബാക്കി കാര്യങ്ങളെന്ന സമീപനമായിരിക്കും ഇവർ തുടരുക. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണമെന്ന പിടിവള്ളിയിൽ മന്ത്രി പദവിയിൽ നിൽക്കുകയാണ് തോമസ് ചാണ്ടി. ആരോപണങ്ങളും എതിർ റിപ്പോർട്ടുകളും ഒന്നിനു പിറകേ ഒന്നായി വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും അധികകാലം സംരക്ഷിച്ചു നിർത്താനാകില്ല. പാർട്ടിയിൽ നിന്നും എൽഡിഎഫിൽ ഒപ്പം നിൽക്കുന്നവരിൽ നിന്നും പോലും മന്ത്രിയുടെ കാര്യത്തിൽ പ്രത്യക്ഷത്തിലല്ലെങ്കിൽ പോലും എതിർപ്പ് നേരിടേണ്ടി വരുന്നുണ്ട്.
അതേസമയം ഇടതുപക്ഷത്തിന്റെ റാലിയടക്കം വരുന്നതും സോളാർ കേസിൽ തിടുക്കത്തിൽ നടത്തിയ നീക്കം പുനഃപരിശോധിക്കേണ്ടി വന്നത് അല്പമെങ്കിലും മങ്ങലേൽപ്പിച്ചതും മൂലം ഉടൻ ഒരു നടപടിയെടുത്ത് വീണ്ടും സർക്കാരിനു ക്ഷീണമുണ്ടാക്കാൻ ഇടതുപക്ഷവും തുനിഞ്ഞേക്കില്ലെന്ന സാധ്യതയും നിലനിൽക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഉടൻ ഒരു രാജി ആവശ്യപ്പെടാനുമിടയില്ല.മാർത്താണ്ഡം കായൽ മണ്ണിട്ടു നികത്തി പാർക്കിംഗ് പ്രദേശമാക്കിയെന്നും പൊതുവഴി കൈയേറി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ലയിപ്പിച്ചെന്നുമൊക്കെ കാട്ടിയാണ് ആലപ്പുഴ കളക്ടർ ടി.വി. അനുപമ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നെൽവയൽ-തണ്ണീർത്തട നിയമം ലംഘിച്ചതടക്കം കടുത്ത നിയമലംഘനങ്ങളുണ്ടായെന്നും പറയുന്നു. ഈ നിയമം ലംഘിച്ചാൽ കേസെടുക്കാനാകുമെന്നും മൂന്നുവർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്നതാണെന്നും റിപ്പോർട്ടിലുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ മന്ത്രി രാജി വച്ചൊഴിയേണ്ടി വരുമെന്നാണ് വിദഗ്ധ മതം. ഇത്രയധികം ആരോപണങ്ങളുയർന്നിട്ടും നടപടിയെടുക്കാത്തത് പണത്തിന്റെ സ്വാധീനത്താലാണെന്നാണ് പ്രതിപക്ഷത്തിന്റെയടക്കം കുറ്റപ്പെടുത്തൽ. പ്രതിപക്ഷവും ബിജെപിയുമടക്കം സമരവുമായി കൂടുതൽ സജീവമായി രംഗത്തെത്തിയേക്കും. നിലവിൽ തന്നെ ഇവർ സമരപ്രഖ്യാപനങ്ങൾ നടത്തിക്കഴിഞ്ഞു.