നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. യോഗത്തിലേക്ക് പോകും മുമ്പ് പൃഥ്വിരാജ് മാധ്യമങ്ങളെ കാണുകയും ശക്തമായതും അളന്നുമുറിച്ചതുമായ ചില കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു. യോഗത്തിനിടെ ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ദിലീപിനെ പുറത്താക്കാന്‍ സമ്മര്‍ദം ചെലുത്തിയത് പൃഥിരാജ് ആണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. നടന് ഗണേഷ് കുമാര്‍ ഇക്കാര്യം പരസ്യമായി ആരോപിക്കുക കൂടി ചെയ്തതോടെ ദിലീപ് ആരാധകര്‍ കൂട്ടത്തോടെ പൃഥിരാജിനെതിരെ തിരിഞ്ഞു. ദിലീപ് ജാമ്യത്തിലിറങ്ങിയിട്ടും പൃഥിരാജിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് കുറവു വന്നില്ല.
ഈയവസരത്തിലാണ് പൃഥിരാജിന്റെ അമ്മയും അഭിനേത്രിയുമായ മല്ലിക സുകുമാരന്‍ സംഭവിച്ചതെന്താണെന്നും പൃഥിരാജ് എന്താണ് അമ്മയുടെ യോഗത്തില്‍ പറഞ്ഞതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. അമ്മ എന്ന സംഘടനയുടെ ഭരണഘടനാ പ്രകാരം ഒരാളെ പെട്ടെന്ന് പുറത്താക്കാന്‍ സാധിക്കില്ല. ഒരംഗത്തെ സസ്പെന്റ് ചെയ്യാന്‍ മാത്രമേ കഴിയൂ. സസ്പെന്റ് ചെയ്യണമെങ്കില്‍ അസോസിയേഷന് രൂപീകരിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നുമാണ് മല്ലിക പറയുന്നത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പൃഥിരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മല്ലിക പറയുന്നതിങ്ങനെ…അമ്മേ വെറും അഞ്ചുമിനിറ്റുകൊണ്ട് എക്സിക്യൂട്ടീവ് യോഗം തീര്‍ന്നെന്ന് പൃഥ്വി എന്നോട് പറഞ്ഞു. പുറത്തുവരുന്നത് വെറും കഥകളാണ്. യോഗത്തിലേക്ക് കയറുംമുമ്പ് രാജു പറഞ്ഞത് ഇങ്ങനെയാണ്. എനിക്ക് ഇക്കാര്യത്തില്‍ എന്റേതായ അഭിപ്രായമുണ്ട്. ഞാനത് ബന്ധപ്പെട്ടവരോട് പറയും. എന്നിട്ട് ഞങ്ങളെല്ലാവരും കൂടി കൂട്ടായ ഒരു തീരുമാനമെടുക്കും. യോഗത്തിന്റെ തീരുമാനം എനിക്കുംകൂടെ അനുകൂലമാണെങ്കില്‍ തീര്‍ച്ചയായും ഞാനത് ശരിവയ്ക്കും. വ്യത്യസ്തമാണെങ്കില്‍ തിരിച്ചുവന്ന് ഞാന്‍ എന്റെ അഭിപ്രായം നിങ്ങളോട് പറയും.
പൃഥ്വിരാജ് യോഗത്തില്‍ ശക്തമായി സംസാരിച്ചുവെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. അതൊക്കെ കഥകള്‍ മാത്രമാണ്. പൃഥ്വി എപ്പോഴാണ് മധുരമായി സംസാരിച്ചിട്ടുള്ളതെന്നും മല്ലിക ചോദിക്കുന്നു. എപ്പോഴും പൃഥ്വിയുടെ ഭാഷയ്ക്ക് കടുപ്പമുണ്ടായിരുന്നു. ഇത് തന്നെയാണ് സുകുരമാരന്റെയും കുഴപ്പം. പറയുന്ന വാക്കുകള്‍ക്ക് അതിന്റേതായ ശക്തിയുണ്ട്. വ്യാഖ്യാനങ്ങളുണ്ട്. അത് കേള്ക്കുന്നവന് മനസിലാകും’. മല്ലിക പറയുന്നു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് താനാണെന്ന പ്രചാരണത്തോട് പൃഥിരാജ് ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.