ആലുവ: സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പാടാക്കിയതുമായി ബന്ധപ്പെട്ട് നടൻ ദീലീപ് പോലീസിൽ വിശദീകരണം നൽകി. തനിക്കെതിരേ പരാതി നൽകിയവരിൽനിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന മാത്രമാണ് നടന്നത്. ഇതിനായാണ് സംഘത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും ദിലീപ് പറഞ്ഞു. ആലുവ ഈസ്റ്റ് എസ്ഐയ്ക്കു മുന്നിലാണ് ദിലീപ് വിശദീകരണം നൽകിയത്.
സുരക്ഷാപ്രശ്നമുള്ളതായി ദിലീപ് ഇതുവരെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എന്തിനു സായുധ സുരക്ഷ ഏർപ്പെടുത്തിയെന്നു വ്യക്തമാക്കണമെന്നാണ് പോലീസ് ദിലീപിനെ ശനിയാഴ്ച അറിയിച്ചത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ശനിയാഴ്ച മുതലാണ് ഗോവ ആസ്ഥാനമായ തണ്ടർഫോഴ്സിന്റെ മൂന്നു സായുധ കമാൻഡോകളെ ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചതെന്നായിരുന്നു വാർത്തകൾ.
ഇവരുടെ വിവരങ്ങൾ, ഉപയോഗിക്കുന്ന തോക്കിന്റെ ലൈസൻസ് സംബന്ധിച്ച വിശദാംശം, ദിലീപിനൊപ്പമുള്ള സുരക്ഷാ ജീവനക്കാരുടെ പേര്, തിരിച്ചറിയൽ കാർഡുകൾ എന്നിവ സഹിതം വിശദീകരണം നൽകണം. സ്വകാര്യസുരക്ഷ തേടിയതിൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
നിലവിൽ വ്യക്തികൾക്കു സ്വകാര്യസുരക്ഷ ഏർപ്പാടാക്കുന്നതിൽ തെറ്റില്ല. എന്നാൽ, ക്രിമിനൽ ഗൂഢാലോചനക്കേസിൽ 85 ദിവസം ജയിലിൽ കിടന്നയാൾ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സുരക്ഷ ഏർപ്പാടാക്കിയതിനു മറുപടി ലഭിക്കണമെന്നാണു പോലീസ് നിർദേശം. തണ്ടർ ഫോഴ്സിന്റെ തൃശൂരിലെ ഓഫീസിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും ദിലീപിനു സുരക്ഷ അനുവദിച്ച രേഖകൾ ഗോവയിലാണെന്നാണ് ഇവർ അറിയിച്ചത്. ഇതേത്തുടർന്നാണു പോലീസ് നോട്ടീസ് നൽകിയത്.